ഹൈഡ്രജൻ വാലി പദ്ധതിക്ക് കേന്ദ്രാനുമതി
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ളസ്റ്റർ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു.കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിദഗ്ധ സമിതി ശുപാർശ അനുസരിച്ചാണിത്.പദ്ധതിക്ക് നവ,പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചു.രാജ്യത്ത് നാല് ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കാണ് അനുമതി നൽകിയത്.ദക്ഷിണേന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അനർട്ട് സംസ്ഥാനസർക്കാർ ഏജൻസി നടത്തുന്ന ഏകപദ്ധതിയാണ് കേരളത്തിലേത്.കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ 53.40കോടിയുടെ കേന്ദ്രസഹായം ലഭിക്കും.ആദ്യഗഡുവായി കേന്ദ്രം 21.36കോടി അനുവദിച്ചു.133.18കോടിയാണ് പദ്ധതിചെലവ്.ബാക്കി തുക സംസ്ഥാനം കണ്ടെത്തും.പദ്ധതിയുടെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകൾ, കര,ജലഗതാഗതം,വ്യാവസായിക മേഖലകളിലെ പൈലറ്റ്,ഡെമോൺസ്‌ട്രേഷൻ പ്രോജക്ടുകൾ,ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനായുള്ള ഇലക്ട്രോലൈസർ ബാങ്കുകൾ,ഹൈഡ്രജൻ കംപ്രഷൻ,സംഭരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കും.നാഷണൽ ഹൈഡ്രജൻ മിഷൻ രൂപീകരിച്ച് രാജ്യത്ത് ഇത്തരം പദ്ധതികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടതിന്റെ ഭാഗമായാണ് കേരളത്തിലും ഹൈഡ്രജൻ ഇന്നൊവേഷൻ ക്ളസ്റ്ററിനും രൂപം നൽകിയത്.