പമ്പുകളിലെ ടോയ്‌‌ലെറ്റ് പൊതു ഉപയോഗത്തിന്, നയം വ്യക്തമാക്കി കേന്ദ്രം , ഉടമകളുടെ വാദം പൊളിയുന്നു

Sunday 27 July 2025 12:00 AM IST

കോടതി ഇടപെടൽ മാറിയേക്കും

കൊച്ചി: പെട്രോൾപമ്പുകളിലെ ശൗചാലയങ്ങൾ പൊതു ആവശ്യത്തിനായി തുറന്നുകൊടുക്കാനാവില്ലെന്ന പമ്പുടമകളുടെ വാദം പൊളിയുന്നു.

പമ്പുകളിൽ പൊതു ഉപയോഗത്തിനുള്ള ശൗചാലയങ്ങൾ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ നിബന്ധന ഡീലർ സെലക്‌ഷൻ ഗെെഡ്‌ലൈനുകളി​ൽ ഉൾപ്പെടുന്നതാണെന്നും പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പമ്പുകളിലെ ടോ‌യ്‌‌ലെറ്റുകൾ കാൽനടയാത്രക്കാർക്കുൾപ്പെടെ തുറന്നുകൊടുക്കാത്തത് തർക്കവിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസസ് അതോറിട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പമ്പുകളിലെ ശൗചാലയങ്ങൾ പൊതുആവശ്യത്തിന് തുറന്നുകൊടുക്കാൻ ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിർബന്ധിക്കരുതെന്ന് ജൂൺ 17ന് കോടതി ഇടക്കാല ഉത്തരവ് നൽകിയിരിന്നു. ഇതിനിടെയാണ് സമാനവിഷയത്തിൽ കേന്ദ്രമന്ത്രി ലോക്‌സഭയിൽ വ്യക്തത നൽകിയത്.

റീട്ടെയിൽ ഔട്ട്‌ലെറ്റിനുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾത്തന്നെ പൊതു സൗകര്യങ്ങൾ ഉണ്ടെന്ന് പെട്രോളിയം കമ്പനികൾ ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനായി ഡീലർ സെലക്‌ഷൻ മാനദണ്ഡങ്ങൾക്കു പുറമേ മാർക്കറ്റിംഗ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസും യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻസ് വ്യവസ്ഥകളും കേന്ദ്രസർക്കാരിന്റേതായുണ്ട്. പെട്രോളിയം കമ്പനികൾ നിശ്ചിത ഇടവേളകളിൽ പമ്പുകളിൽ പരിശോധന നടത്തി അപര്യാപ്തയുണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട് ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പരാതി നൽകാനുള്ള ഓൺലൈൻ സംവിധാനവും കമ്പനികളും സർക്കാരും സജ്ജമാക്കിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.

പമ്പുകളിലേത് പൊതുശൗചാലയങ്ങളായി മാറ്റുന്ന അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നും എക്സ്‌പ്ലോസീവ്സ് വിഭാഗം നിഷ്കർഷിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളിന് എതിരാണെന്നുമാണ് പമ്പുടമകൾ ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ടോയ്‌‌ലെറ്റ് സൗകര്യമടക്കം ഡീലർഷിപ്പിന് അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ മറുപടി.

പമ്പുകളിൽ ഉറപ്പാക്കേണ്ടത്

(കേന്ദ്ര മാനദണ്ഡം)

ടയറുകൾക്ക് സൗജന്യ എയർ, കുടിക്കാൻ ശുദ്ധജലം, ശുചിത്വമുള്ള ടോയ്‌‌ലെറ്റ്, ടെലിഫോൺ സൗകര്യം

പമ്പുകളുടെ എണ്ണം

(സ്വകാര്യ കമ്പനികളുടേതടക്കം)

ഇന്ത്യയിൽ: 85529

കേരളത്തിൽ: 2658