വി.ഡി. സതീശന് ചുക്കും ചുണ്ണാമ്പും അറിയില്ല: വെള്ളാപ്പള്ളി

Saturday 26 July 2025 10:50 PM IST

മൂവാറ്റുപുഴ: ചുക്കും ചുണ്ണാമ്പും അറിയാത്തയാളാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം യൂണിയനുകളിലെ ശാഖാനേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷനേതാവിന്റെ മാന്യതയും മര്യാദയും സതീശനില്ലെന്നും ഈഴവരായ നേതാക്കളെ തെരഞ്ഞുപിടിച്ചു ചീത്തപറയുന്ന ഈഴവവിരോധിയാണെന്നും കുറ്റപ്പെടുത്തി. മുൻ കെ.പി​.സി​.സി പ്രസി​ഡന്റ് കെ. സുധാകരനെ ആക്ഷേപി​ച്ച് താഴെയി​റക്കി​. പിണറായി​ വി​ജയനെയും നി​രന്തരം ചീത്തപറയുകയാണ്. തന്നെയും കണ്ടുകൂടാ. തന്നെ ഗുരുധർമ്മം പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനാകണം. മുസ്ലിങ്ങൾക്ക് താൻ എതിരല്ല. മലപ്പുറത്ത് വി​ദ്യാഭ്യാസമേഖലയി​ൽ ഈഴവർ വി​വേചനം നേരി​ടുന്നുവെന്നും കൂടുതൽ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ മുസ്ലിങ്ങളുടെ പക്കലാണെന്നും പറഞ്ഞതി​ൽ എന്താണ് തെറ്റ്. കേരളത്തിൽ സാമൂഹിക സാമ്പത്തിക സെൻസസ് വേണം. തൊഴിലുറപ്പു പദ്ധതി​യി​ൽപ്പെട്ടുപോയവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.

മുസ്ലിംസമുദായ സംഘടനകൾ പറയുന്നതനുസരിച്ചാണ് കേരളത്തിൽ സർക്കാരുകൾ ഭരിക്കുന്നതെന്ന് പെരുമ്പാവൂരിൽ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ശാഖാ നേതൃസംഗമത്തിൽ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും എൽ.ഡി.എഫും മുസ്ലിംസംഘടനകളുടെ ആവശ്യങ്ങൾക്ക് കീഴ്പ്പെടുന്നത് അവർ വോട്ടുബാങ്കുകളായതിനാലാണ്. മറ്റൊരു സംസ്ഥാനത്തും ഇവർ ഒന്നും പറയുന്നില്ല. മുസ്ലിംലീഗ് മതേതര സംഘടനയാണെന്നാണ് അവകാശവാദം. അവരുടെ ഭരണഘടനയിൽ മുസ്ലിം സമുദായത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടിയെന്നാണ് പറയുന്നത്. പിന്നാക്കക്ഷേമത്തിനായി ഒരുകാലത്ത് അവരോടൊന്നിച്ചു പ്രവർത്തിച്ചതാണ്. അധികാരം കിട്ടിയപ്പോൾ അവർ മുസ്ലീങ്ങൾക്കുവേണ്ടി എല്ലാം നേടിയെടുത്ത് ഈഴവസമുദായത്തെ വഴിയാധാരമാക്കി.

കേരളത്തിൽ മതാധിപത്യം കൊടികുത്തി വാഴുമ്പോഴാണ് താൻ ജാതി പറയുന്നതായി മുസ്ലിംലീഗ് വിലപിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അവർ അതൊന്നും പാടിക്കൊണ്ടുനടക്കുന്നില്ല. കാര്യങ്ങൾ വരുമ്പോൾ അവർ ഒറ്റക്കെട്ടാണ്. ചില കുലംകുത്തികൾ തന്നെയാണ് ഈഴവ സമുദായത്തിന്റെ ശത്രുക്കളെന്നും വെള്ളാപ്പള്ളി പറഞ്ഞു.