ഡി.ജി.പിയുടെ നിർദ്ദേശം, ഡ്യൂട്ടിക്കിടെ പൊലീസുകാർ ഫോൺ ഉപയോഗിക്കേണ്ട
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പൊലീസുകാർ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ കർശന നിർദ്ദേശം നൽകി. ഫോൺ ഉപയോഗം പട്രോളിംഗ് അടക്കം ഡ്യൂട്ടികളെ ഗുരുതരമായി ബാധിക്കുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ഫോൺ വിളിയും അനാവശ്യ ഫോണുപയോഗവും താൻ നിരന്തരം കാണുകയാണെന്നും ഡി.ജി.പി പറഞ്ഞു. പൊലീസ് മേധാവിയായശേഷം ആദ്യമായി വിളിച്ചുകൂട്ടിയ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശം.
പൊലീസുകാർ സേനയുടെ യശസ് ഉയർത്തണം. പൊതുസമൂഹത്തിൽ കളങ്കമുണ്ടാക്കുന്ന നടപടികൾ പാടില്ല. പൊലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവരുത്. സംഘർഷ സാഹചര്യങ്ങളിൽ അവിടെ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസറല്ലാതെ പൊലീസ് ആക്ഷൻ തുടങ്ങരുത്. താഴേത്തട്ടിലുള്ള മറ്റ് ഉദ്യോഗസ്ഥർ പൊലീസ് നടപടികൾ തുടങ്ങിവയ്ക്കരുത്.
സംഘർഷം ഉണ്ടാവുമെന്ന് മുൻകൂട്ടി തോന്നാത്ത സാഹചര്യത്തിൽ പോലും പൊലീസ് ജാഗ്രതയിലായിരിക്കണം. ആർക്കും പരിക്കേൽക്കാതിരിക്കാൻ സംരക്ഷണ സംവിധാനങ്ങൾ ധരിച്ചിരിക്കണം. ക്രമസമാധാന പാലനത്തിനിടെ ഒരു പൊലീസുകാരനുപോലും പരിക്കേൽക്കരുത്. അതിന്റെ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിമാർക്കായിരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
ഹരിനാഥ് മിശ്രയ്ക്ക്
യാത്രഅയപ്പ്
സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പി ഹരിനാഥ് മിശ്രയ്ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രഅയപ്പ് നൽകി. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐ.ബിയിലാണ് മിശ്ര. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, എച്ച്. വെങ്കടേശ്, പി.വിജയൻ, എം.ആർ.അജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.