വോട്ടർപട്ടിക അബദ്ധ പഞ്ചാംഗം, പേര് ചേർക്കാൻ 30 ദിവസം അനുവദിക്കണം: സതീശൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പുതുക്കാനുള്ള സാവകാശം 15 ദിവസംകൂടി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
വ്യാപക ക്രമക്കേടുകൾ നിറഞ്ഞ അബദ്ധ പഞ്ചാംഗം പോലുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനാവില്ല. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാം. എന്നിട്ടും എന്തിനാണ് ജൂലായ് 23 മുതൽ ആഗസ്റ്റ് 7 വരെ 15 ദിവസമായി പരിമിതപ്പെടുത്തിയത്? ഇത് ദുരൂഹമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡീലിമിറ്റേഷൻ പൂർത്തിയാക്കി വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടും വാർഡിന്റെ സ്കെച്ച് നൽകിയിട്ടില്ല. വാർഡിന്റെ അതിർത്തി അറിയാതെ എങ്ങനെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത്.
ഒരാളുടെ പേര് ചേർക്കുന്നതും മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുന്നതും ശ്രമകരമായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ സി.പി.എം നേതൃത്വത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് ശരിയല്ല.
ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ച് സി.പി.എമ്മിന്റെ സൗകര്യത്തിനുവേണ്ടിയാണ് ഡീലിമിറ്റേഷൻ നടത്തിയത്. ഇതിനെ യു.ഡി.എഫ് നിയമപരമായി നേരിടുമെന്നും സതീശൻ പറഞ്ഞു.
മറ്റു പ്രധാന ആരോപണങ്ങൾ
1.കഴിഞ്ഞ തവണ വോട്ടു ചെയ്ത പലരുടെയും പേരില്ല
2. 4 വർഷം മുൻപ് മരിച്ചവരുടെ പേര് പട്ടികയിൽ
3.ഒരു വീട്ടിലുള്ളവരുടെ വോട്ട് വ്യത്യസ്ത വാർഡുകളിൽ
4. ചില വോട്ടർമാർക്ക് മൂന്നു വാർഡുകളിൽ വോട്ട്
5. പോളിംഗ് ബൂത്തുകളുടെ എണ്ണം കുറച്ചു
6. പോളിംഗ് രാത്രി 10 ആയാലും തീരാത്ത നിലയാക്കി
ഞാൻ ശ്രീനാരായണ പ്രചാരകൻ,വർഗീയതയെ എതിർക്കും: വി.ഡി.സതീശൻ
തിരുവനന്തപുരം : താൻ ശ്രീനാരായണ പ്രചാരകനാണെന്നും ആര് കേരളത്തിൽ വർഗീയത പറഞ്ഞാലും അതിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിക്ക് മറുപടിയില്ല. എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടർമാരും ഈഴവ സമുദായത്തിൽപ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്തറിയാവുന്നത് അവർക്കാണ്. ഞാൻ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത് ? ഞാൻ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും ആ ദർശനങ്ങൾ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ശ്രീനാരായണ ഗുരുദേവൻ എന്താണോ പറയാൻ പാടില്ലെന്നു പറഞ്ഞത്, അത് അദ്ദേഹം പറയുന്നുവെന്ന പരാതി മാത്രമേ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. വിദ്വേഷ ക്യാമ്പെയിൻ നടത്താൻ ആര് ശ്രമിച്ചാലും അതിനെതിരെ പറയും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയ്യാറെടുക്കുകയാണ്. നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ സിസ്റ്റം തകർന്ന സർക്കാർ: വി.ഡി. സതീശൻ
തിരുവനന്തപുരം: ലോകം എവിടെ എത്തിയെന്ന് അറിയാത്ത സിസ്റ്റം തകർന്ന കാലഹരണപ്പെട്ട സർക്കാരാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രി പറഞ്ഞ സിസ്റ്റത്തിന്റെ തകർച്ച എല്ലായിടത്തുമുണ്ട്. ആരോഗ്യ വകുപ്പിന് പുറമെ വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളിലും ജയിലിലും സിസ്റ്റത്തിന് തകരാറാണ്.
ടി.പി കേസിലെ പ്രതികൾക്കൊപ്പം ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ട ആളായിരുന്നെന്ന് ഇന്നലെയാണ് മനസിലായത്. ഗോവിന്ദച്ചാമി ജയിൽചാടിയതും സിസ്റ്റത്തിന്റെ തകർച്ചയാണ്. പൊലീസ് തോന്നിയപോലെ പ്രവർത്തിക്കുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ചാനലിൽ ഇരുന്ന് പറഞ്ഞ ആൾക്കെതിരെയും ഫേസ്ബുക്കിൽ വൃത്തികെട്ട പോസ്റ്റിട്ട ആൾക്കെതിരെയും ഒരു കേസും എടുത്തിട്ടില്ല.
വി.എസ്.അച്യുതാനന്ദനെതിരെ പോസ്റ്റിട്ടവരെ വീട്ടിൽപോയി അറസ്റ്റു ചെയ്തു. വിതുരയിൽ കോൺഗ്രസ് പ്രവർത്തകരാണ് സഹോദരനെ ആംബുലൻസിൽ കയറ്റിയതെന്നും ആരും തടഞ്ഞിട്ടില്ലെന്നും കുടുംബം പറഞ്ഞിട്ടും സി.പി.എം കള്ളപ്രചാരണം നടത്തി.