ജില്ലാ വികസന സമിതിയിൽ ആവശ്യം അപകടാവസ്ഥയിലായ സ്കൂളുകൾ പൊളിക്കണം
കൊച്ചി: ജില്ലയിൽ അപകടാവസ്ഥയിലായ സ്കൂളുകൾ പൊളിച്ചേ തീരൂവെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും ഈ ആവശ്യം ഉയർന്നു. ബലക്ഷയമുള്ള കെട്ടിടങ്ങൾ മഴക്കാലത്ത് തകർന്നുവീഴാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തര നടപടികൾ വേണമെന്ന് ജനപ്രതിനിധികളടക്കം ആവശ്യപ്പെട്ടു. റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലവർഷം, ദേശീയപാത നിർമ്മാണം, ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ, കുടിവെള്ള പൈപ്പിടൽ, മെട്രോ നിർമ്മാണം എന്നിവ റോഡ് തകരാൻ കാരണമായിട്ടുണ്ട്. വെള്ളക്കെട്ട് നീക്കാനും നടപ്പാതകൾ നന്നാക്കാനും നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉന്നയിക്കപ്പെട്ട മറ്റു വിഷയങ്ങൾ
ഓരുവെള്ളത്തെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം പെരിയാറിൽ നടന്ന മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് തത്സ്ഥിതി അവലോകനം നായരമ്പലം, ഞാറക്കൽ, ഇടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ കടലാക്രമണത്തെ തുടർന്ന് ജിയോ ബാഗുകൾ തകർന്നു ഇടപ്പള്ളി - പാലാരിവട്ടം ഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി റോഡിന്റെ വശങ്ങളിൽ വിവിധ വർണ്ണങ്ങളിൽ പ്രകാശം പരത്തുന്ന പരസ്യ ബോർഡുകൾ സ്ഥാപിച്ചത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു തൃക്കാക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സഞ്ചാര്യയോഗ്യമല്ലാതായ ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിന്റെ അറ്റകുറ്റപ്പണികൾ കാക്കനാട് - പള്ളിക്കര റോഡിൽ അത്താണി ഭാഗത്തെ ഗതാഗതക്കുരുക്ക് അപകടകരമായ ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളും നീക്കൽ