നേതൃത്വം കടുപ്പിച്ചു ക​ലാ​പ​ക്കൊ​ടി​യി​ല്ലാ​തെ സി.​പി.​ഐ​ ​സ​മ്മേ​ള​നം

Sunday 27 July 2025 2:11 AM IST

കൊച്ചി: ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ മൂലം കലുഷിതമായ സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം കലാപക്കൊടി പാറാതെ അവസാനിച്ചത് പാർട്ടിക്ക് ആശ്വാസമായി. സംസ്ഥാന നേതാക്കൾ പങ്കെടുത്ത് വിവാദങ്ങളും രൂക്ഷ വിമർശനങ്ങളും ഒഴിവാക്കിയതോടെ തിരഞ്ഞെടുപ്പില്ലാതെ സമ്മേളനം പൂർത്തിയായി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസി. സെക്രട്ടറി പി.പി. സുനീർ, മന്ത്രിമാരായ കെ. രാജൻ, ജെ. ചിഞ്ചുറാണി, മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, മുല്ലക്കര രത്‌നാകരൻ, ആർ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അന്തരിച്ച മുൻ ജില്ലാ സെക്രട്ടറി പി. രാജുവിനെതിരെ ഉയർന്ന ആരോപണങ്ങളും മറ്റു വിവാദ വിഷയങ്ങളും ഒഴിവാക്കിയാണ്

മുൻ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. സംസ്ഥാന നേതൃത്വമാണ് ഈ ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചത്.

രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയ്ക്കിടെ മുഖ്യമന്ത്രിക്കും സി.പി.ഐ മന്ത്രിമാർക്കും മറ്റ് വകുപ്പുകൾക്കും എതിരെ വിമർശനങ്ങൾ ഉയർന്നു. പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തതിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതിലും യുവ- വനിതാ പ്രാതിനിധ്യത്തിലുമെല്ലാം ഇരു പക്ഷത്തിനും പരിഗണന ലഭിച്ചു. തരംതാഴ്ത്തപ്പെട്ടവരുൾപ്പടെ ജില്ലാ കമ്മിറ്റിയിൽ തിരികെയെത്തുകയും ചെയ്തു.

സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവനേതാവിനെ അമരക്കാരനാക്കിയത് ശ്രദ്ധേയമായി. എൻ. അരുണിനെ സെക്രട്ടറിയാക്കിയത് ഐകകണ്‌ഠ്യേനയാണ്. സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പാതിരാത്രിവരെ നീണ്ട തിരഞ്ഞെടുപ്പുകൾ, കോലാഹലങ്ങൾ, അഭിപ്രായ വിത്യാസങ്ങൾ തുടങ്ങിയവ ഏലൂരിൽ ജില്ലാ സമ്മേളനത്തെ പ്രശ്‌നമുഖരിതമാക്കിയത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു.