തോരാതെ ദുരിതമഴ
കൊച്ചി: ബുധനാഴ്ച വൈകിട്ട് തുടങ്ങിയ കനത്തമഴ ഇന്നലെ രാത്രിയിലും ശക്തമായി തുടർന്നതോടെ ജില്ലയിൽ തോരാ ദുരിതം. കനത്തമഴയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. രൂക്ഷമായ കടലാക്രമണം ജില്ലയുടെ തീരദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതത്തിലാക്കി. രാത്രിയിലും ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടർന്നു. ഇതേത്തുടർന്ന് മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ജില്ലാഭരണകൂടം പൂർണമായും നിരോധിച്ചു. പലയിടങ്ങളിലും മരം വീണ് വീടുകൾക്ക് കേടുപാടു സംഭവിച്ചു. പെരിയാറിലെ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാറേജിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കോതമംഗലം പൂയംകൂട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിൽ വെള്ളം കയറി. ചപ്പാത്തിനു അപ്പുറമുള്ള വീട്ടുകാർ ഒറ്റപ്പെട്ടു.
19 വീടുകൾക്ക് നാശനഷ്ടം
കനത്ത മഴയിയിൽ ജില്ലയിലാകെ 19 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇന്നലെ പത്ത് വീടുകൾക്കും വെള്ളിയാഴ്ച ഒമ്പത് വീടുകൾക്കുമാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്. ഇതോടെ മേയ് 24ന് ആരംഭിച്ച കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 336 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ എട്ടു വീടുകൾ പൂർണമായും 328 വീടുകൾ ഭാഗികമായും നശിച്ചു.
തോരാത്ത മഴയിൽ പറവൂർ നഗരവും സമീപ പ്രദേശങ്ങളും വെള്ളത്തിലായി. നഗരത്തിലെ കച്ചേരിപ്പടി, പുല്ലംകുളം, ചേന്ദമംഗലം കവല, മുനിസിപ്പൽ കവല എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. പുത്തൻവേലിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താലൂക്ക് ഓഫീസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 04842442325, 2972817.
കോതമംഗലം താലൂക്കിലെ ബ്ലാവന കടവിലെ ജങ്കാർ സർവ്വീസ് നിറുത്തിവച്ചതോടെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ യാത്ര തടസപ്പെട്ടു. കുടമുണ്ട പാലത്തിലും വെള്ളം കയറി. നേര്യമംഗലം വില്ലാഞ്ചിറയിൽ മരം റോഡിലേക്ക് വീണതുമൂലം ഗതാഗത തടസമുണ്ടായി. കോതമംഗലം ബ്ലോക്കിൽ 1500ഓളം ഏത്തവാഴകളും മുപ്പത് റബ്ബർ മരങ്ങളും നശിച്ചു. വാരപ്പെട്ടിയിൽ ഒന്നര ഹെക്ടറിലെ നെൽക്കൃഷി വെള്ളത്തിനടിയിലായി.