കാറ്റിലും മഴയിലും വ്യാപക നാശം; മരം വീണ് ഗൃഹനാഥൻ മരിച്ചു, 71 വീടുകൾ ഭാഗികമായി തകർന്നു

Sunday 27 July 2025 12:19 AM IST

പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. റാന്നി താലൂക്കിൽ ഒരു വീട് പൂർണമായി തകർന്നു. ആറ് താലൂക്കിലായി 71 വീടുകൾ ഭാഗികമായും തകർന്നു. കാറ്റിൽ മരം വീണ് മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ സ്വദേശി ബേബി ജോസഫ് (62) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 473 കർഷകർക്ക് 25.82 ഹെക്ടർ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബർ, വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെ.എസ്.ഇ.ബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

വിവിധ താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം

റാന്നി : 17,

കോന്നി :16,

മല്ലപ്പള്ളി : 12,

തിരുവല്ല : 10,

കോഴഞ്ചേരി : 8

അടൂർ :8

അപകടാവസ്ഥയിലുള്ള

മരങ്ങൾ മുറിച്ചു മാറ്റണം ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ഉടമ സ്വമേധയാ മരം മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ നീക്കം ചെയ്തോ അപകടം ഒഴിവാക്കണം. സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നത് സംബന്ധിച്ച് ലഭിച്ച എല്ലാ അപേക്ഷകളിലും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.