പർദയിലെത്തി പത്രിക സമർപ്പിച്ച് സാന്ദ്രാ തോമസ്
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ നിലപാടിൽ പ്രതിഷേധിച്ച്, പർദയണിഞ്ഞെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനായാണ് പത്രിക നൽകിയത്. ഇത്തരം ആളുകളുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ധരിക്കാവുന്ന ഉചിതമായ വസ്ത്രം പർദയാണെന്ന് സാന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവർ തന്റെ പരാതിയിലെടുത്ത കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികളാണ്. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും ഭാരവാഹികളായി തുടരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്ത്രീകൾക്ക് സുരക്ഷിതയിടമല്ല. നിർമ്മാതാവ് ഷീല കുര്യൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. പാനലിലെ മറ്റുള്ളവരുടെ പേര് പിന്നീട് വെളിപ്പെടുത്തും. താൻ പ്രസിഡന്റായാൽ അടുത്തതവണ പുതിയ ആളുകൾക്കായി വഴിമാറുമെന്നും സാന്ദ്ര പറഞ്ഞു. ഓഗസ്റ്റ് 14നാണ് തിരഞ്ഞെടുപ്പ്.