തേനീച്ച കൃഷിയിലും ഹോർട്ടികോർപ്പ്, ഒരു വർഷം നിർമ്മിക്കുന്നത് 10,000 തേനീച്ചക്കൂട്

Sunday 27 July 2025 12:21 AM IST

തിരുവനന്തപുരം: തേനീച്ചക്കൂട് നിർമ്മിച്ച് നൽകുന്നതിനൊപ്പം കർഷകർക്ക് തേനീച്ച വളർത്തലിന് പരിശീലനവും നൽകാൻ ഹോർട്ടികോർപ്പ്. ഉത്പാദിപ്പിക്കുന്ന തേൻ വില നൽകി ശേഖരിക്കുകയും ചെയ്യും.

ചേർത്തലയിലെ നിർമ്മാണശാലയിലാണ് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നത്. തേനീച്ചപ്പെട്ടികൾ കൂടാതെ സ്മോക്കർ, ഹണി എക്‌സ്ട്രാക്റ്റർ എന്നിവയും ഇവിടെ നിർമ്മിക്കുന്നുണ്ട്. നാഷണൽ ബീ ബോർഡിന്റെ നോഡൽ ഏജൻസിയാണ് ഹോർട്ടികോർപ്പ്.

കൂട് നിർമ്മിക്കാൻ കാട്ടുമരുത്‌

കാട്ടുമരുത് തടിയിൽ നിർമ്മിച്ച കൂട്ടിൽ മാത്രമേ തേനീച്ച കയറൂ. വനംവകുപ്പിൽ നിന്നും കൂട് നിർമ്മിക്കുന്നതിനാവശ്യമായ മരം വിലകൊടുത്ത് വാങ്ങും. തേനീച്ച കോളനി അടക്കമാണ് കൂട് വിൽക്കുന്നത്.

ഒരു കൂടിന് വില - 800 രൂപ തേനീച്ച കോളനി അടക്കം -1600 രൂപ ഒരു കിലോ തേനിന്റെ വിപണി വില - 380 രൂപ

കഴിഞ്ഞ വർഷം ഹോർട്ടികോർപ്പ് ശേഖരിച്ചത് - 50,000 കിലോ തേൻ

ആദായകരമായ കൃഷിയാണ് തേനീച്ച വളർത്തൽ .ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്.

-ബി.സുനിൽ റീജണൽ മാനേജർ ,ഹോർട്ടികോർപ്പ്