സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ: 3 മരണം

Sunday 27 July 2025 12:22 AM IST

 ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ,​ ഇടുക്കി എന്നിവിടങ്ങളിലായി ഇന്നലെ മൂന്നുപേർ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളിൽ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു.

കണ്ണൂർ കോളയാട് തെറ്റുമ്മലിൽ വീടിനുമുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികൻ മരിച്ചു. എനിയാടൻ വീട്ടിൽ ചന്ദ്രനാണ് (78)​ മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. ഭാര്യയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെറ്റുമ്മൽ മാതുവാണ് ഭാര്യ. മക്കൾ: നിഖിൽ. നിഖിഷ.

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ കന്യാകുമാരി പുത്തുംതുറ സ്വദേശി സലമോൻ ലോപ്പസ് ഏലീസ് (63) മരിച്ചു. കന്യാകുമാരി സ്വദേശികളായ സെൽവ ആന്റണി(53), എസ്ലേൻ അടിമയി(50) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. രാമന്തളി പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനു പോയ ചെറുതോണി അപകടത്തിൽപ്പെട്ട് പയ്യന്നൂർ പുഞ്ചക്കാട് താമസിക്കുന്ന എൻ.പി.അബ്രഹാമിനെ (52) കാണാതായി.

ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് തമിഴ്നാട് തേനി തേവാരം സ്വദേശി ലീലാവതി (60) മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്‌റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി ഇവരുടെ മേൽ വീഴുകയായിരുന്നു. നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് പൊൻമുടി, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. ഗ്യാപ്പ്റോഡ് വഴിയുള്ള രാത്രികാലയാത്രയ്ക്ക് രണ്ടുദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി.

പാലക്കാട് വിവിധ താലൂക്കുകളിലായി 11 വീടുകൾ ഭാഗികമായി തകർന്നു. മണ്ണാർക്കാട് തച്ചമ്പാറ കുന്നംതിരുത്തിയിൽ വീടിന് മുകളിൽ മരംവീണ് രണ്ടുപേർക്ക് പരിക്കേറ്റു. ആളിയാർ ഡാമിലെ 11 ഷട്ടറുകളും 12 സെന്റീമീറ്റർ വീതവും ശിരുവാണി ഡാം സ്ലൂയിസ് ഷട്ടർ പത്ത് സെന്റീമീറ്ററും ഉയർത്തി. പറമ്പിക്കുളം ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തി.

 ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴയിൽ തീരദേശ റെയിൽപ്പാതയിലെ പാതിരപ്പള്ളി ഉദയ ഗേറ്റിന് സമീപം ട്രാക്കിലെ വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് കടപുഴകി ട്രെയിൻ ഗതാഗതം നാലു മണിക്കൂറോളം തടസപ്പെട്ടു.

 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാത്ത മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. ഇന്നലെ രാവിലെ 11.15ന് മുംബയിൽ നിന്നെത്തിയ ആകാശ എയർ വിമാനം കോയമ്പത്തൂരിലേക്കും 11.45ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർവിമാനം ബംഗളൂരുവിലേക്കും 12.50ന് മുംബയിൽ നിന്നെത്തിയ ഇൻഡിഗോവിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.