അടൂർ ഫയർഫോഴ്‌സ് കെട്ടിടം: നിർമ്മാണം അതിവേഗം

Sunday 27 July 2025 2:29 AM IST

അടൂർ : ദുരന്തമുഖങ്ങളിൽ രക്ഷകരായ അഗ്നിശമനസേനയ്ക്ക് അടൂരിൽ സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപനം യാഥാർത്ഥ്യമാകാൻ പോകുകയാണ്. മന്ദഗതിയിൽ നിർമ്മാണം നടന്നിരുന്നതിനെ തുടർന്ന് വിമർശനം ഉയർന്നു വന്ന കെട്ടിട നിർമ്മാണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 1989 മുതൽ അടൂർ നഗരത്തിൽ എം.സി റോഡരികിൽ വാടക കെട്ടിടത്തിലാണ് ഫയർഫോഴ്‌സ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 4.83 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ നിർമ്മാണം തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും പാതിവഴിയിൽ കിടക്കുകയാണ് കെട്ടിടം. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ വാടക കൂട്ടി ലഭിക്കണമെന്നാവശ്യപ്പെട്ട് മുൻപ് കോടതിയെ സമീപിച്ചിരുന്നു. ആധുനിക നിലവാരത്തിലുള്ള ഓഫീസും പാർക്കിംഗ് സൗകര്യവുമൊക്കെയാണ് പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടനിർമ്മാണം ഇടയ്ക്ക് പ്രതിസന്ധിയിലായതോടെ പഴയതു പോലെ പാർക്കിംഗ് സൗകര്യമില്ലാത്ത കാരണത്താൽ അഗ്നിശമന സേനയുടെ വാഹനങ്ങളെല്ലാം മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. അടൂർ പന്നിവിഴ ക്ഷേത്രത്തിനടുത്താണ് പുതിയ കെട്ടിട നിർമ്മാണം നടക്കുന്നത്.

..........................................

എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുൻപ് പൂർണമായും പൂർത്തീകരിക്കാനുള്ള ശ്രമം തുടരുകയാണ്.

ചിറ്റയം ഗോപകുമാർ

(എം.എൽ.എ)

............................

നിർമ്മാണച്ചെലവ് 4.83 കോടി