സ്കൂളുകളിൽ കായികാദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 300

Sunday 27 July 2025 12:33 AM IST

തിരുവനന്തപുരം :കായികാദ്ധ്യാപക തസ്തിക സംരക്ഷണത്തിനായി സ്കൂളുകളിൽ കായികാദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 300 ആയി പുനഃക്രമീകരിക്കും.

2017-18 മുതൽ 2022–23 അധ്യയന വർഷം വരെ തസ്തിക നഷ്ടപ്പെട്ട് പുറത്തുപോയ അദ്ധ്യാപകരെ സംരക്ഷിക്കാനാണിത് തീരുമാനം. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷം തസ്തിക നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിലവിൽ നിലവിൽ 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം.

മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

യു.പി. വിഭാഗത്തിൽ 1:300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന കായികാദ്ധ്യാപകരെ പ്രസ്തുത സ്‌കൂളിലെ എൽ.പി. വിഭാഗം കൂടി യോജിപ്പിച്ച് സംരക്ഷിക്കും. ഹൈസ്‌കൂൾ വിഭാഗം കായികാദ്ധ്യാപകരുടെ സംരക്ഷണത്തിന് പത്താംക്ലാസിലെ പീരിയഡുകളുടെ എണ്ണം കൂടി പരിഗണിക്കും.

യു.പി. വിഭാഗം കൂടിയുള്ള ഹൈസ്‌കൂളുകളിൽ, ഹൈസ്‌കൂൾ വിഭാഗം കായികാദ്ധ്യാപകനെ ആ സ്‌കൂളിലെ യു.പി. വിഭാഗത്തെ കൂടി ഉൾപ്പെടുത്തി സംരക്ഷിക്കും. അനുപാതം കുറച്ച് സംരക്ഷണം നൽകിയിട്ടുള്ള കായികാദ്ധ്യാപകരെ അവരുടെ കാറ്റഗറിയിൽ തൊട്ടടുത്ത് വരുന്ന ഒഴിവുകളിൽത്തന്നെ ക്രമീകരിക്കും.

തസ്തിക നഷ്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ കായികാദ്ധ്യാപകർ പ്രതിഷേധത്തിലായതിനാൽ സുബ്രതോ കപ്പ് സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പ് മത്സരങ്ങൾ നടത്താനായിട്ടില്ല.

യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, പൊതുവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.