ട്രെയിനിൽ കയറാനെത്തവേ യുവാവിനെ അണലി കടിച്ചു
ചേർത്തല: റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി യുവാവിന് അണലിയുടെ കടിയേറ്റു. ചേർത്തലയിലാണ് സംഭവം.ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറാനെത്തിയപ്പോഴാണ് ചേർത്തല നഗരസഭ 23ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജിന് (26) അണലിയുടെ കടിയേറ്റത്. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. ട്രെയിൻ കയറാനായി ഇടവഴിയിലൂടെ വരുന്നതിനിടെ അവിടെ കിടന്ന അണലിയെ ചവിട്ടിയപ്പോഴാണ് കടിയേറ്റത്. സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇവിടെ നിന്നാണ് കടിയേറ്റതെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ അങ്ങനെ അല്ലെന്നും റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴിയിലാണ് കടിയേറ്റതെന്നും റെയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ കേസെടുത്തിട്ടുണ്ട്. ബി.ടെക് വിജയിച്ച ജയരാജ് ഐ.എസ്.ആർ.ഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു.പരിശീലനകാലത്ത് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേക്ക് പോകാനായാണ് സ്റ്റേഷനിലെത്തിയത്.