ജയിലുകൾ ഇനി എ.ഐ നോക്കും, സെൻട്രൽ ജയിലുകൾക്ക് ഹൈടെക് സുരക്ഷ വരും

Sunday 27 July 2025 12:00 AM IST

തിരുവനന്തപുരം: അതീവ സുരക്ഷയിൽ പാർപ്പിച്ചിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ, ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ സെൻട്രൽ ജയിലുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കും. രാത്രിദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക.

മതിലുകളിലെ ഇലക്ട്രിക് ഫെൻസിംഗുമായും ഈ ക്യാമറകൾ ബന്ധിപ്പിക്കാം. ജയിൽചാട്ടത്തിന് ശ്രമമുണ്ടായാൽ അലാറം മുഴങ്ങും. ഉന്നതഉദ്യോഗസ്ഥരുടെ ഫോണിലും അപായമുന്നറിയിപ്പെത്തും.

പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ സെൻട്രൽ ജയിലുകളിൽ ചുറ്റുമതിലിനു മുകളിൽ മൂന്നു മാസത്തിനകം വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ കെൺട്രാേൺ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ച ഉടൻ തകരാറിലായിട്ടും പരിഹരിച്ചിരുന്നില്ല.

ജയിലുകളിൽ നിലവിലുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം ശക്തിപ്പെടുത്തും. ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയതിനെക്കുറിച്ച് അന്വേഷിക്കാൻ കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് എന്നിവരുടെ സമിതിയെ നിയോഗിച്ചു. നിലവിൽ പുരോഗമിക്കുന്ന പൊലീസ്, വകുപ്പുതല അന്വേഷണങ്ങൾക്കു പുറമെയാണിത്.

പുതിയ ജയിൽ

സെൻട്രൽ ജയിലുകളിൽ താങ്ങാനാവുന്നതിലേറെ തടവുകാരുള്ള സാഹചര്യത്തിൽ പുതിയ സെൻട്രൽ ജയിൽ പണിയും. കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തും. തടവുകാരുടെ ബാഹുല്യവും തുടർന്നുള്ള പ്രശ്നങ്ങളും സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരാൻ അനുവദിക്കില്ല.അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. അന്യസംസ്ഥാനക്കാരായവരെ അതത് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്.

ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡിഷണൽ ഡി.ജി.പിയായ പി. വിജയൻ എന്നിവർ പങ്കെടുത്തു.

ഗോ​വി​ന്ദ​ച്ചാ​മി​ക്ക് മ​ട്ട​ൻ​ക​റി​ ​ഊ​ണ് ഗോ​വി​ന്ദ​ച്ചാ​മി​യെ​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ ​ഏ​കാ​ന്ത​ ​സെ​ല്ലി​ൽ​ ​അ​ട​ച്ചു.​ ​ പു​റ​ത്തേ​ക്ക് ​ഇ​റ​ക്കി​ല്ല.​ ​ഭ​ക്ഷ​ണം​ ​സെ​ല്ലി​ൽ​ ​കൊ​ടു​ക്കും.​ ​ശ​നി​യാ​ഴ്ച​ ​ആ​യ​തി​നാ​ൽ​ ​ഇ​ന്ന​ലെ​ ​മ​ട്ട​ൻ​ ​ക​റി​ ​ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു​ ​ഊ​ണ്.

തടവുചാടിയാലും

എ.ഐ അറിയും

1.ജയിലുദ്യോഗസ്ഥർ ഉറങ്ങിയാലും തടവുകാരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അലർട്ട് ചെയ്യാൻ കഴിയുന്ന എ.ഐ അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിക്കുന്നത്.

2.ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മുഖം എ.ഐ സംവിധാനത്തിൽ മുൻകൂട്ടി അപ്‌ലോഡ് ചെയ്യും. സെല്ലുകൾ അടച്ചശേഷം പുറത്തുള്ളത് ജീവനക്കാരാണോ തടവുകാരാണോയെന്ന് ക്യാമറ തിരിച്ചറിയും

''കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണ്. അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കണം''

-പിണറായി വിജയൻ

മുഖ്യമന്ത്രി