ടി.കെ റോഡ് തകർന്നു, തുടരുന്ന കെടുതി
പത്തനംതിട്ട : അപകടപാതയാവുകയാണ് തിരുവല്ല - കുമ്പഴ റോഡ് (ടി.കെ റോഡ്). തിരുവല്ല മുതൽ പത്തനംതിട്ട വരെയും വലിയ കുഴികളാണ് റോഡിലുള്ളത്. തകർന്ന് തരിപ്പണമായ റോഡിൽ കൂടി ജീവൻ പണയംവച്ചാണ് ഇരുചക്രവാഹനയാത്രികർ സഞ്ചരിക്കുന്നത്. വഴിവിളക്ക് ഇല്ലാത്തതിനാൽ രാത്രിയാത്ര അതിദുഷ്കരമാണ്. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. തിരുവല്ല മഞ്ഞാടി, മീന്തലക്കര, കറ്റോട്, വള്ളംകുളം പാലത്തിനു സമീപം, കുമ്പനാട്, മുട്ടുമൺ , പുല്ലാട്, തോട്ടപ്പുഴശ്ശേരി, മാരാമൺ, തെക്കേമല, ഇലന്തൂർ , വാര്യാപുരം, തൂക്കുപാലം തുടങ്ങി പത്തനംതിട്ട വരെയുള്ള ഭാഗങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. കുഴിയിൽ ചാടിയുള്ള ആഘാതത്തിൽ നിയന്ത്രണം തെറ്റുന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുന്നു. വലിയ വളവുകളേറെയുള്ളതിനാൽ അപകട സാദ്ധ്യതയുമുണ്ട്.
പാലത്തിലും കുഴി
വള്ളംകുളം, കോഴഞ്ചേരി, കറ്റോട് തുടങ്ങിയ പാലങ്ങളിലും കുഴിയുണ്ട്. വീതി കുറവായ പാലങ്ങളിൽ ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഈ കുഴികൾ പോലും മൂടാൻ അധികൃതർ തയ്യാറാകുന്നില്ല. മുപ്പത്തഞ്ചോളം വിവിധ ഇടറോഡുകളും വന്നുചേരുന്നുണ്ട് ടി.കെ റോഡിൽ. ആറൻമുള, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഭാഗങ്ങളിലേക്കും വഴിക്കടവ് , മാനന്തവാടി, കാഞ്ഞങ്ങാട് ഭാഗത്തേക്കുമുള്ള ദീർഘദൂര ബസുകളും കടന്നുപോകുന്നത് ടി.കെ റോഡിലൂടെയാണ്.
മഴ ചതിച്ചെന്ന് പി.ഡബ്ല്യു.ഡി
ടി.കെ റോഡ് അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയിട്ടുണ്ടെന്ന് പി.ഡബ്ലു.ഡി അധികൃതർ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പണികൾ നീളുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതും പ്രതിസന്ധിയാകുന്നു. മഴ കാരണം നിർമ്മാണം നീണ്ടുപോകുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ടി.കെ റോഡ് നീളം : 34 കി.മീ.
മഞ്ഞാടി, നെല്ലാട്, വള്ളംകുളം, ഇരവിപേരൂർ ഭാഗങ്ങളിൽ കുഴിയിൽ ചാടാതെ പോകാൻ കഴിയില്ല. കാരണം റോഡ് മുഴുവൻ തകർന്ന് കിടക്കുകയാണ്. വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുന്നുണ്ട്.
വിനോദ് , യാത്രക്കാരൻ