മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
പാലക്കാട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു. അതിനാൽ മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, തുറന്ന് വച്ച ഭക്ഷണ പദാർത്ഥങ്ങളിൽ ഈച്ച വന്നിരുന്ന് മലിനമാക്കപ്പെട്ട് ആ ഭക്ഷണം കഴിക്കുന്നതിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ലക്ഷണങ്ങൾ നോക്കി ലാബ് പരിശോധനയിലൂടെയാണ് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നത്.
പ്രതിരോധമാർഗങ്ങൾ
രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ശൗചാലയത്തിൽ പോയ ശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയായി കഴുകി അണുവിമുക്തമാക്കുക രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണി എന്നിവ മറ്റുളളവർ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ അണുനശീകരണം നടത്തിയ ശേഷം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച കക്കൂസ് ബ്ലീച്ചിംഗ് സൊല്യൂഷൻ ഒഴിച്ചു വൃത്തിയാക്കേണ്ടതാണ്. ഛർദ്ധി ഉണ്ടെങ്കിൽ ശൗചാലയത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുക. കുട്ടികളുടെ മലം തുറസായ സ്ഥലം, കുളിമുറി, വാഷ് ബെയ്സിൻ എന്നിവിടങ്ങളിൽ ഉപേക്ഷിക്കാതെ ശൗചാലയത്തിൽ മാത്രം സംസ്‌കരിക്കുക. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക. ഭക്ഷണ പദാർത്ഥങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.