തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടർ ബോധവത്കരണത്തിനായി ലീപ് കേരള
പത്തനംതിട്ട : തദ്ദേശതിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവൽക്കരണവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർമാർക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർപട്ടിക പുതുക്കലുൾപ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പു പ്രക്രിയകളിൽ അവബോധമുണ്ടാക്കുകയാണ് ലീപ് കേരളയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ ബോധവൽക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ജില്ലാതല സമിതി രൂപീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ കൺവീനർ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ നടപടിക്രമം, ലോകസഭനിയമസഭ തിരഞ്ഞെടുപ്പും വോട്ടർപട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടർപട്ടികയ്ക്കുമുള്ള വ്യത്യാസം തുടങ്ങിയവയ്ക്ക് വ്യാപക പ്രചാരണം ലീപ്കേരളയിലൂടെ ലക്ഷ്യമിടുന്നു. കോളേജ് വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ പരമാവധി വോട്ടർപട്ടികയിൽ ചേർക്കുകയാണ് ലീപ് കേരളയുടെ ഉദ്ദേശ്യം. ലീപ് കേരളയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കും മാദ്ധ്യമപ്രവർത്തകർക്കുമായി ഏകദിന ശിൽപശാല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നടന്നു. ലീപ് കേരള പ്രചാരണ പരിപാടിക്കായി ലോഗോയും പ്രസിദ്ധീകരിച്ചു.