ദീർഘകാല കരാർ പുനഃസ്ഥാപിച്ചുകിട്ടാൻ കെ.എസ്.ഇ.ബി
തിരുവനന്തപുരം:ക്രമക്കേടുകളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വീണ്ടും സുപ്രീംകോടതിയിൽ. കപിൽ സിബലാണ് അഭിഭാഷകൻ. കരാർ പുനഃസ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന കേന്ദ്രവൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലും സുപ്രീംകോടതിയും നേരത്തെ തള്ളിയതാണ്. 2016ൽ അന്നത്തെ യു.ഡി.എഫ് സർക്കാരാണ് ക്രമക്കേടുകൾ നിറഞ്ഞ കരാറുകൾ ജാബുവ,ജിൻഡാൽ കമ്പനികളുമായി ഒപ്പുവച്ചത്. 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപനിരക്കിൽ 465മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ.ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2023മേയിലാണ് റെഗുലേറ്ററി കമ്മിഷൻ ഇത് റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനസർക്കാർ ഇടപെട്ട് റെഗുലേറ്ററി കമ്മിഷനെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിച്ചു.എന്നാൽ കരാർ കമ്പനികൾ കേന്ദ്രഅപ്പലേറ്റ് വൈദ്യുതി ട്രിബ്യൂണലിനെ സമീപിച്ച് കമ്മിഷന്റെ നടപടി അസാധുവാക്കി.കരാർ പുതുക്കുകയാണെങ്കിൽ നിരക്ക് കൂട്ടണമെന്നാണ് കമ്പനികളുടെ നിലപാട്.