ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: കൂടുതൽ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും
തിരുവനന്തപുരം: ഗോവിന്ദച്ചാമി അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപയിടുണ്ടാവും. പൊലീസിന്റെ അന്തിമറിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും നടപടി.
ജീവനക്കാരുടെയോ തടവുകാരുടെയോ ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
ജയിൽ ഉത്തരമേഖലാ ഡി.ഐ.ജിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ജയിലിൽ ഗുരുതര വീഴ്ചയുണ്ടായെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റും. ഇന്നലെ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായി.
ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്. ജയിൽ ചാട്ടത്തിന് പുറത്തു നിന്നുള്ളവരുടെ പിന്തുണ ലഭിച്ചതായാണ് വിലയിരുത്തൽ. ഫോൺവിളി രേഖകൾ അടക്കം പരിശോധിക്കാനാണ് നിർദേശം. അന്തർ സംസ്ഥാന ലഹരി മാഫിയയുടെ പിന്തുണയുണ്ടായിരുന്നെന്ന സംശയവും പരിഗണിക്കുന്നു. ജയിൽ ചാട്ടത്തിനായി അഴികൾ മുറിക്കുന്നത് അടക്കമുള്ള പ്രവൃത്തികൾ ഗോവിന്ദച്ചാമി നടത്തിയിട്ടും ജീവനക്കാർ എന്തുകൊണ്ടു കണ്ണടച്ചുവെന്ന കാര്യത്തിലും അന്വേഷണമുണ്ടാകും.