യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണി, പ്രതി പിടിയിൽ

Sunday 27 July 2025 12:11 AM IST
അജാസ്

കൊല്ലം: കടയ്ക്കലിൽ ഇരുപതുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. മൈനാഗപ്പള്ളി നല്ലതറ കിഴക്കേതിൽ അജാസിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്ത്ത്. 2024 ജൂലായ് 13 നാണ് സംഭവം. വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതി പുതിയ വസ്ത്രം ധരിച്ചതിന് ശേഷം വസ്ത്രവിപണന ശാലയിൽ ജീവനക്കാരനായിരുന്ന പ്രതിയോട് ഒരു ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടു. പ്രതി തന്റെ ഫോണിലെടുത്ത ഫോട്ടോ കുട്ടിയെ കാണിച്ചു. തുടർന്ന് ജൂലായ് 21ന് അജാസ് കുട്ടിയുട ചിത്രം മോർഫ് ചെയ്ത ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രം നവമാദ്ധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞ പെൺകുട്ടി കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ അജാസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഫോൺ ഉപയോഗിക്കാതിരുന്ന പ്രതി കഴിഞ്ഞ ദിവസം പഴയ സിംകാർഡ് ഒഴിവാക്കി ഫോണിൽ പുതിയ സിം കാർഡ് ഇട്ടിരുന്നു. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ നിരീക്ഷിച്ചിരുന്ന സൈബർ സെൽ ഉടൻ കടയ്ക്കൽ പൊലീസിന് വിവരം കൈമാറി. തമിഴ്നാട്ടിലെത്തിയ പോലീസ് രാമനാഥപുരത്തെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.