താന്നി കായലിൽ മത്സ്യവിത്ത്

Sunday 27 July 2025 12:12 AM IST

കൊല്ലം: 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വർദ്ധനവ്' പദ്ധതിയുടെ ഭാഗമായി താന്നി കായലിൽ കരിമീൻ, പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നാടൻ മത്സ്യ ഇനമായ കരിമീനിന്റെ 62,500 വിത്തുകളും പൂമീനിന്റെ 55,000 വിത്തുകളും കായലിൽ നിക്ഷേപിച്ച് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റൽ ഫിഷർമെൻ വില്ലേജ് പദ്ധതിയുടെ ഭാഗമാണിത്. തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് സുസ്ഥിര ഉപജീവനമാർഗവും സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇരവിപുരം തെക്കുംഭാഗം ഡിവിഷൻ കൗൺസിലർ സുനിൽ ജോസ് അദ്ധ്യക്ഷനായി. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ, കെ.എസ്.സി.എ.ഡി.സി എക്‌സി. എൻജിനിയർ ഐ.ജി.ഷിലു, പരവൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ചിഞ്ചുമോൾ തുടങ്ങിയവർ പങ്കെടുത്തു.