നിറപുത്തരി പൂജകൾക്കായി ശബരിമല നട 29ന് തുറക്കും
Sunday 27 July 2025 12:13 AM IST
ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല നട 29ന് വൈകിട്ട് 5ന് തുറക്കും. 30ന് പുലർച്ചെയാണ് നിറപുത്തരി പൂജ. ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെൽക്കറ്റകൾ 29ന് വൈകിട്ട് പതിനെട്ടാംപടിയിൽ സമർപ്പിക്കും. 30ന് പുലർച്ചെ 5ന് നടതുറന്ന്, നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടർന്ന് നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. ശ്രീകോവിലിലും സോപാനത്തും നെൽക്കതിരുകൾ കെട്ടിയശേഷം തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ. എ.അജികുമാർ, ശബരിമല എക്സിക്യുട്ടിവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുക്കും. രാത്രി 10ന് നടയടയ്ക്കും.