പുതിയ സെൻട്രൽ ജയിൽ സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം: പാർപ്പിക്കാൻ കഴിയുന്നതിനേക്കാൾ രണ്ടിരട്ടി തടവുകാരുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ ഉൾപ്പെടെ സംഭവിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പുതിയ സെൻട്രൽ ജയിൽ നിർമ്മിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്.
ഇതിനായി ഉദ്യോഗസ്ഥ തല സമിതിയും രൂപീകരിച്ചേക്കും.പൂജപ്പുരയിലെ സ്ഥിതി സങ്കീർണമാണെന്ന് ജയിൽ മേധാവി ഉൾപ്പടെ സർക്കാരിനെ അറിയിച്ചിരുന്നു. പല ജയിലുകളിലും തടവുകാർ കൂടി വരുന്നതും ജയിൽ ഉദ്യോഗസ്ഥർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. തടവുകാരുടെ ബാഹുല്യവും തുടർന്നുള്ള പ്രശ്നങ്ങളും സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
നെട്ടുകാൽത്തേരി
പദ്ധതി വെട്ടി
പുതിയ സെൻട്രൽ ജയിലിന് നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്ത് സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയുണ്ടായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിശദമായ ജയിലിന്റെ സ്കെച്ച് അടക്കം തയ്യാറാക്കിയിരുന്നു. 427 ഏക്കറുള്ള തുറന്ന ജയിൽ വളപ്പിൽ വീണ്ടും ജയിൽ നിർമ്മിച്ചാൽ തുറന്ന ജയിലിന്റെ വ്യവസ്ഥയ്ക്ക് മാറ്റം വരുമെന്നും തലസ്ഥാന ജില്ലയിൽ രണ്ട് സെൻട്രൽ ജയിൽ വേണ്ടെന്നും വിലയിരുത്തിയാണ് പദ്ധതി ഉപേക്ഷിച്ചത്.
രണ്ട് ജില്ലാ ജയിലുകളിൽ
സൂപ്രണ്ടില്ല
തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും നടപടിയായിട്ടില്ല. ജോയിന്റെ സൂപ്രണ്ടിനാണ് സൂപ്രണ്ടിന്റെ അധിക ചുമതല.
സംസ്ഥാനത്തെ ആകെ
തടവുകാർ 10418
10130:
ആൺ തടവുകാർ
267:
പെൺതടവുകാർ
21:
ട്രാൻസ്ജെൻഡർ
4605:
റിമാൻഡ് തടവുകാർ
4251:
ശിക്ഷാ തടവുകാർ
1238:
വിചാരണ തടവുകാർ
316:
ഗുണ്ടാ ആക്ട്
തടവുകാർ