'ഉഴുതുമറിച്ച പാടം' പോലെ പുത്തനമ്പലം റോഡ്
കുന്നത്തൂർ: കടമ്പനാട്, കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുന്നത്തൂർ നെടിയവിള - വേമ്പനാട്ടഴികത്ത് റൂട്ടിൽ ദുരിതയാത്ര. വർഷങ്ങളായി തകർന്നുതരിപ്പണമായിക്കിടക്കുന്ന ഈ റോഡ് 'ഉഴുതുമറിച്ച പാടം' പോലെയായതോടെ, ഇതിലൂടെ ചാടിക്കടക്കാനും നീന്തിക്കടക്കാനും കഴിയാതെ കാൽനടയാത്രക്കാർ പോലും വലയുകയാണ്. രണ്ടും കല്പിച്ച് ഇറങ്ങിയാൽ മുട്ടൊപ്പം ചെളിയിൽ പുതയും. എം.എൽ.എ കോവൂർ കുഞ്ഞുമോനും പൊതുമരാമത്ത് വകുപ്പ് അധികൃതരും നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
അപകടങ്ങൾ പതിവ്
കുന്നത്തൂർ ഈസ്റ്റ് പോസ്റ്റ് ഓഫീസ് മുതൽ റോഡ് അവസാനിക്കുന്നതുവരെ എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്.
കോയിക്കൽമുക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മഴയിൽ പുഴയായി മാറിയിട്ടുണ്ട്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത്, റോഡേത് എന്നറിയാതെ സ്കൂട്ടർ യാത്രികർ ഉൾപ്പെടെയുള്ളവർ വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്. കാൽനടയാത്ര പോലും അസാദ്ധ്യമായ ഈ റൂട്ടിൽ പല ബസ് സർവീസുകളും നിറുത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷകളും ഇങ്ങോട്ട് വരാൻ മടിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചെളി പുരളുന്നതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ പലപ്പോഴും സ്കൂളിലോ, കോളേജിലോ എത്താതെ വീടുകളിലേക്ക് തിരികെ പോകുന്ന സാഹചര്യവുമുണ്ട്.വെള്ളക്കെട്ടും ചെളിക്കുണ്ടുമായ റോഡിന്റെ പരിസരത്ത് താമസിക്കുന്നവരുടെയും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ജന പ്രതിനിധികളുടെ അവഗണന
അടൂർ,ഏനാത്ത്,കടമ്പനാട്, മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തിരഞ്ഞെടുക്കുന്ന പാത കൂടിയാണിത്.ഐവർകാല,ഞാങ്കടവ്, പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മറ്റ് എത്തിച്ചേരാനുള്ള മാർഗം കൂടിയാണിത്. നിരവധി തവണ എം.എൽ.എയ്ക്കും പി.ഡബ്ല്യൂ.ഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .പ്രതിഷേധം ഭയന്ന് എം.എൽ.എ ഇതുവഴി സഞ്ചരിക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.