കരുനാഗപ്പള്ളിയിൽ 'കാർഗിൽ സ്മൃതി യാത്ര'

Sunday 27 July 2025 12:19 AM IST
കാർഗിൽ വിജയ ദിനത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് കരുനാഗപ്പള്ളി താലൂക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മൃതിയാത്ര തേവലക്കര എക്സ് സർവീസ് ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേർന്നപ്പോൾ

ചവറ: കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻസ് ലീഗ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി 'കാർഗിൽ സ്മൃതി യാത്ര' സംഘടിപ്പിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിച്ച യാത്ര തേവലക്കരയിലെ എക്സ് സർവീസ് മെൻസ് ലീഗ് ആസ്ഥാന മന്ദിരത്തിൽ സമാപിച്ചു. വിമുക്തഭടന്മാർക്കൊപ്പം തേവലക്കര കെ.വി.എം സ്കൂളിലെ വിദ്യാർത്ഥികളും വിജയാഘോഷത്തിൽ പങ്കെടുത്തു. കാർഗിൽ രക്തസാക്ഷികൾക്കായി പുഷ്പാർച്ചന നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമുക്തഭടന്മാർ കുട്ടികൾക്ക് കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരെക്കുറിച്ചുള്ള അറിവുകൾ പകരുകയും ദേശസ്നേഹമുള്ള പൗരന്മാരായി വളരുമെന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സതീഷ് ചന്ദ്രൻ, ജനാർദ്ദനൻ പിള്ള, ഗീതാ ദേവി തുടങ്ങിയവർ സംസാരിച്ചു. വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങളും കെ.വി.എം. സ്കൂളിലെ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.