ആരെ പാർപ്പിക്കണം... ആറു വർഷമായിട്ടും ചട്ടമാകാതെ അതീവ സുരക്ഷാ ജയിൽ
തൃശൂർ: വിയ്യൂരിൽ സംസ്ഥാനത്തെ ഒരേയൊരു അതീവ സുരക്ഷാജയിൽ നിലവിൽ വന്ന് ആറു വർഷം പിന്നിട്ടിട്ടും ആരെയൊക്കെ പാർപ്പിക്കണമെന്ന കാര്യത്തിൽ ചട്ടമായില്ല. ഇവിടെ തീവ്രവാദം, രാജ്യദ്രോഹം, മാവോയിസ്റ്റ് കേസ് പ്രതികളെയാണ് പാർപ്പിക്കുന്നത്. അതീവ സുരക്ഷാജയിൽപ്പുള്ളികൾ പ്രശ്‌നങ്ങൾ ഉണ്ടാക്കി വീണ്ടും സെൻട്രൽ ജയിലിലേക്ക് തിരിച്ചുപോകുകയാണ്. അറുനൂറോളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും 300ഓളം പേർ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം, വിയ്യൂർ സെൻട്രൽ ജയിലിൽ 553 പേരെ പാർപ്പിക്കാവുന്നിടത്ത് ഇപ്പോൾ 1250 ഓളം പേരാണുള്ളത്. ഇവിടെ നിരന്തരം പ്രശ്‌നം സൃഷ്ടിക്കുന്ന ഗുണ്ടാക്കേസുകളിലടക്കം ഉൾപ്പെട്ടവരെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാവുന്നതേയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടു വർഷം മുമ്പ് അതിസുരക്ഷാ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ 'ജയിൽ കലാപം' തന്നെ നടന്നിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇരുപത്തഞ്ചോളം തടവുകാർ അരമണിക്കൂറോളം ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. അന്ന് സെൻട്രൽ ജയിലിൽ നിന്നടക്കം കൂടുതൽ ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്.
വേണ്ടത് 50 എ.പി.ഒമാർ, ഉള്ളത് 31
തടവുകാരുടെ എണ്ണം അനുസരിച്ച് അമ്പത് അസി. പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് ഇപ്പോൾ 31 പേരാണുള്ളത്. ഇതിൽത്തന്നെ പലർക്കും കോടതി ഡ്യൂട്ടിയും അവധിയുമാകുമ്പോൾ സേവനത്തിനായി ലഭിക്കുക വളരെ കുറച്ചു പേരെ മാത്രമാണ്. എ.പി.ഒമാരുടെ 30 ശതമാനം ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ വേണ്ട സ്ഥാനത്തും എണ്ണം പരിമിതമാണ്. ആകെ വേണ്ട 15ൽ ഉള്ളത് എട്ടുപേർ മാത്രമാണ്. ജയിൽ കീപ്പർമാരും കുറവാണ്.
സുരക്ഷാസംവിധാനം പക്കാ
9 ഏക്കറിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നതൊഴിച്ചാൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാണ്. സ്‌കാനർ വഴി പരിശോധിച്ച ശേഷമേ ജീവനക്കാരെയും തടവുകാരെയും സന്ദർശകരെയും പ്രവേശിപ്പിക്കൂ. കയറുമ്പോഴും ഇറങ്ങുമ്പോഴും പഞ്ചിംഗ് നിർബന്ധം. സന്ദർശകരെ കാണുന്നത് വീഡിയോ കോൺഫറൻസിംഗ് വഴി. എല്ലാ മുറികളിലും സി.സി ടിവിയുണ്ട്. ശുചിമുറി സൗകര്യവും ഉണ്ട്. തടവുകാരെ പുറത്തിറക്കുന്നത് ഭക്ഷണം കഴിക്കാൻ മാത്രമാണ്. 24 മണിക്കൂറും സുരക്ഷാഭടന്മാരുള്ള നിരീക്ഷണ ടവറുകളുമുണ്ട്.