പെരുമഴയിൽ ജില്ലയിൽ വൻനാശം
ഇന്നലെ നഷ്ടം
2.70 ലക്ഷം
കൊല്ലം: ജില്ലയിൽ ഇന്നലെ കിഴക്കൻ മേഖലയിൽ ഉൾപ്പടെ പെയ്തിറങ്ങിയത് പെരുമഴ. വിവിധ താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. ചിതറ വളവുപച്ചയിൽ തേക്ക് വിളയിൽ വീട്ടിൽ സൈനുദ്ദീന്റെ വീടിന്റെ ഒരുഭാഗം പൂർണമായും ഇടിഞ്ഞുവീണു. ശാസ്താംകോട്ട പള്ളിശേരിക്കലിൽ ശ്രീമംഗലത്ത് കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് കട രാവിലെ ഒൻപതോടെ ഭൂമിയിലേക്ക് ഇടിഞ്ഞുതാണു. കട പ്രവർത്തിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതം തടസപ്പെട്ടു. മലയോര ഹൈവേ അഞ്ചൽ- കുളത്തൂപ്പുഴ പാതയിൽ ഏഴംകുളം പതിനൊന്നാംമൈലിൽ പാതയ്ക്ക് സമീപം നിന്നിരുന്ന കൂറ്റൻ മരം കടപുഴകി ഹൈവേ പാതയിലേക്കും സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനുകളിലേക്കും വീണു.
ആദിച്ചനല്ലൂർ കുമ്മല്ലൂർ -അസീസിയ മെഡിക്കൽ കോളേജ് റോഡിൽ ഡൽഹി പബ്ലിക് സ്കൂളിന് സമീപത്തെ പെരുമരം റോഡിന് കുറുകെ വീണു. പുനലൂർ - മൂവാറ്റുപുഴ പാതയിൽ പത്തനാപുരം അലിമുക്കിൽ സിമന്റ് ഇറക്കാൻ നിറുത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്ക് ആഞ്ഞിലിമരം വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയപാത നിർമ്മാണം നടക്കുന്ന ചാത്തന്നൂർ തിരുമുക്ക്, അയത്തിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കട്ട് രൂപപ്പെട്ടു. ആശ്രാമം ബസ് സ്റ്റോപ്പ്, ക്യാമ്പിന് സമീപത്തെ ബസ് സ്റ്റോപ്പ്, വീ പാർക്ക്, പീരങ്കി മൈതാനം എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടായി.
ഇന്നലെ ലഭിച്ച മഴ
കൊല്ലം-40 മില്ലി മീറ്റർ
ആര്യങ്കാവ്-34 മില്ലി മീറ്റർ
പുനലൂർ-25.6 മില്ലി മീറ്റർ കരുവേലിൽ-19.5 മില്ലി മീറ്റർ
പാരിപ്പള്ളി-19 മില്ലി മീറ്റർ
ചവറ-18 മില്ലി മീറ്റർ
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം-1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം-1912