മഴയ്ക്കൊപ്പം കുതിച്ച് പച്ചക്കറി വില

Sunday 27 July 2025 12:21 AM IST

കൊല്ലം: മഴ കനത്തതോടെ പച്ചക്കറി വിപണിയിൽ വില കുതിക്കുന്നു. വില താങ്ങാവുന്നതിലും അപ്പുറമായതോടെ സാധാരണക്കാരുടെ അടുക്കളയിൽ നിന്ന് അവിയലും സാമ്പാറുമൊക്കെ അപ്രത്യക്ഷമായിത്തുടങ്ങി. ബീൻസ്, പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, അമരയ്ക്ക, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില ഇരട്ടിയായി.

സവാളയ്ക്കും മുരിങ്ങക്കായ്ക്കുമാണ് കൂട്ടത്തിൽ അല്പം വിലക്കുറവ്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവും കുറഞ്ഞതോടെ പച്ചക്കറി ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. എത്തുന്ന പച്ചക്കറികളിൽ പകുതിയും മഴവെള്ളം വീണ് അഴുകി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നു.

ഒരുമാസം മുമ്പ് മൊത്തവില കിലോയ്ക്ക് 25 രൂപയായിരുന്ന അമരയ്ക്കക്ക് ഇപ്പോൾ 45 രൂപയായി. 50 രൂപയായിരുന്ന മുളകിന് 73 ആയി. 20 രൂപവരെ താഴോട്ടിറങ്ങിയ തക്കാളി വില 43ൽ എത്തി. ചേനവില 60ൽ ഉറച്ചുനിൽക്കുമ്പോൾ ക്യാരറ്റ് വില 75ലെത്തി. വെള്ളരിക്ക എത്തുന്നില്ല. മഴ ചതിച്ചതാണ് വിലക്കുതിപ്പിന് കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. വില ഉയർന്നതോടെ കിറ്റിലും സാധനങ്ങളുടെ എണ്ണം കുറഞ്ഞു. വിലകൂടിയ ഇനങ്ങൾ കുറഞ്ഞതോതിലാണ് കിറ്റിൽ ഉൾപ്പെടുത്തുന്നത്.

ഉത്പാദനം കുറഞ്ഞു

 അന്യസംസ്ഥാനങ്ങളിലടക്കം കനത്ത മഴയിൽ ഉത്പാദന ഇടിവ്

 കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന സ്ഥലങ്ങളിൽ കൃഷി കുറഞ്ഞു

 പച്ചക്കറി ലഭ്യതയും വരവും പകുതിയായി

 അടുക്കളത്തോട്ടത്തെ ആശ്രയിച്ച് ജനം

 തൊടിയിലെ ചേമ്പിൻതാൾ തീയലാക്കി

കേരളത്തിൽ പച്ചക്കറി എത്തുന്നത്

 കോയമ്പത്തൂർ

 പാവൂർ സത്രം

 തിരുനെൽവേലി

 മൈസൂർ

 മേട്ടുപ്പാളയം

 അലൻകുളം

 കമ്പം, തേനി

മൊത്തവില, ചില്ലറ

സവാള ₹ 20-30

തക്കാളി ₹ 43-50

അമര ₹ 45-55

പച്ചമുളക് ₹ 73-90

ചേന ₹ 60-70

വെണ്ട ₹ 60-75

പാവയ്ക്ക ₹ 45-60

വഴുതനങ്ങ ₹ 40-50

ക്യാരറ്റ് ₹ 75-90

ബീറ്റ്റൂട്ട് ₹ 35-60

ബീൻസ് ₹ 80 -100

പടവലം ₹ 30-40

വെളുത്തുള്ളി ₹ 110- 130

ചെറിയ ഉള്ളി ₹ 45-60

ഉരുളക്കിഴങ്ങ് ₹ 30-40

സാധാരണ ഈ സമയത്ത് ഇത്രേം വിലക്കയറ്റം ഉണ്ടാകാറില്ല. കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവുമാണ് വിലക്കയറ്റത്തിന് കാരണം. ഓണത്തോടനുബന്ധിച്ച് വില കുറഞ്ഞേക്കും.

എം.ജെ.അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി,

കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോസിയേഷൻ