ഗോവിന്ദച്ചാമി വിയ്യൂരിൽ; ഏകാന്ത സെല്ലിലടച്ചു

Sunday 27 July 2025 12:22 AM IST

തൃശൂർ: ഗോവിന്ദച്ചാമിയെ കനത്ത സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. താഴത്തെ നിലയിലെ ജി.എഫ് 1 ഏകാന്ത സെല്ലിൽ അടച്ചു. പുറത്തേക്ക് ഇറക്കില്ല. ഭക്ഷണം സെല്ലിൽ കൊടുക്കും. ശനിയാഴ്ച മട്ടൻ കറിയാണ് നൽകുന്നത്. അതു നൽകിയതായി ജയിൽ സൂപ്രണ്ട് പറഞ്ഞു.

സി.സി.ടി.വി ഉണ്ടെങ്കിലും നിരന്തരം നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. കുറച്ച് ദിവസത്തേക്ക് പ്രത്യേക നിരീക്ഷണം ജയിൽ ഡി.ജി.പി നിർദ്ദേശിച്ചിരുന്നു.

36 കോടി ചെലവിട്ട് നിർമ്മിച്ച അതിസുരക്ഷാജയിൽ 2019 ജൂലായ് മൂന്നിനാണ് പ്രവർത്തനം തുടങ്ങിയത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 125 കുറ്റവാളികളുണ്ട്.

ട്രെയിനിൽ യാത്ര ചെയ്യവേ,തൃശൂർ ചെറുതുരുത്തിയിൽവച്ച് പെൺകുട്ടിയെ പുറത്തേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ, വിയ്യൂരിലാണ് പാർപ്പിച്ചിരുന്നത്. അന്ന് അതിസുരക്ഷാ ജയിൽ ഇല്ലാത്തതിനാൽ പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

60 ഏകാന്ത സെല്ലുകൾ

കൊടുംകുറ്റവാളികളെ പാർപ്പിക്കാൻ 60 ഏകാന്ത സെല്ലുകളുണ്ട്. ഇരുപതോളം ഒഴിഞ്ഞുകിടക്കുന്നു. 4.2 മീറ്ററാണ് ഉയരം. ഫാനും കട്ടിലും സി.സി ടി.വി ക്യാമറയും ഒാരോ സെല്ലിലുമുണ്ട് . മറ്റു സെല്ലിലുള്ളവരെ കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്കിറക്കില്ല.

6 മീറ്റർ:

ചുറ്റുമതിലിന്റെ

ഉയരം

10 അടി:

മതിലിനു മുകളിലെ

വൈദ്യുതവേലി ഉയരം

700 മീറ്റർ:

ചുറ്റുമതിലിന്റെ

ചുറ്റളവ്

4 വാച്ച് ടവർ:

മതിലിനു പുറത്ത്

നാലു ദിക്കിലുമായി

15 മീറ്റർ:

വാച്ച് ടവറിന്റെ ഉയരം

24 മണിക്കൂർ:

റൈഫിളേന്തിയ

ജയിലർമാരുടെ

നിരീക്ഷണം

. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിൽ ചുറ്റുമതിൽ പണിതിരിക്കുന്നത്. ഇതിനു മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതവേലി. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറുകൾ. ഇതിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.