ദേശീയപാത 66 വികസനം... പാലത്തിലും ഫ്ലൈ ഓവറിലും ബല പരിശോധന

Sunday 27 July 2025 12:23 AM IST

കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച പാലങ്ങളുടെയും ഫ്ലൈ ഓവറുകളുടെയും ബല പരിശോധന ആരംഭിച്ചു. അൾട്രാ സോണിക് പൾസ് വെലോസിറ്റി, റീബൗണ്ട് ഹാർമർ പരിശോധനകളാണ് നടക്കുന്നത്. കമ്മിഷൻ ചെയ്യുന്നതിന് മുമ്പായി ഭാരപരിശോധനയും ഉണ്ടാകും.

ദേശീയപാത 66 വികസനത്തിന്റെ പല റീച്ചുകളിലും ഗുണനിലവാരം പാലിക്കുന്നില്ലെന്ന ആരോപണം ശക്തമായതോടെയാണ് എൻ.എച്ച്.എ.ഐ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തുന്നതിന് മുമ്പേ ബല പരിശോധന ആരംഭിച്ചത്. എൻ.എച്ച്.എ.ഐ നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് പരിശോധന നടത്തുന്നത്.

പോരായ്മ കണ്ടെത്താത്ത നിർമ്മിതികൾക്ക് മാത്രമേ എൻ.എച്ച്.എ.ഐ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകൂ. ഒടുവിൽ ഭാരപരിശോധനയിലും വിജയിച്ചാലെ ജില്ലയിലെ രണ്ട് റീച്ചുകൾക്കും പ്രൊജക്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകൂ. മൾട്ടി ആക്സിൽ വാഹനങ്ങളിൽ പരമാവധി ഭാരം കയറ്റി പാലത്തിലൂടെ കയറ്റിവിട്ടാണ് ഭാരപരിശോധന.

ആറുവരി വികസനത്തിൽ ജില്ലയിൽ ഏഴ് പാലങ്ങളാണുള്ളത്. ഇതിൽ ചവറ, കന്നേറ്റി പാലങ്ങൾ ഒഴികെ ബാക്കി അഞ്ച് പാലങ്ങളുടെയും നിർമ്മാണം ഏകദേശം പൂർത്തിയായി.

രണ്ടുവിധത്തിൽ പരിശോധന

1. അൾട്രാ സോണിക് പൾസ് വെലോസിറ്റി

കോൺക്രീറ്റിലൂടെ അൾട്രാ സോണിക് പൾസുകൾ കടത്തിവിട്ട് വേഗത അടിസ്ഥാനമാക്കി ബലം കണക്കാക്കുന്നതാണ് അൾട്രാ സോണിക് പൾസ് വെലോസിറ്റി പരിശോധന. ബലത്തിന് പുറമേ വിള്ളലുകൾ, നിർമ്മിതിക്കുള്ളിൽ കോൺക്രീറ്റ് മിശ്രിതമില്ലാത്ത അവസ്ഥ എന്നിവയും കണ്ടെത്താം.

2. റീബോണ്ട് ഹാർമർ

കോൺക്രീറ്റിനുള്ളിലൂടെ തുളച്ചുകയറുമ്പോൾ സ്‌പ്രിംഗുകൾക്ക് ഉണ്ടാകുന്ന ചലനം അടിസ്ഥാനമാക്കി ബലം കണക്കാക്കുന്ന പരിശോധനയാണ് റീബോണ്ട് ഹാർമർ പരിശോധന.

പാലങ്ങൾ, നീളം (മീറ്ററിൽ) കന്നേറ്റി-68 ചവറ-45 നീണ്ടകര-422.5

കാവനാട്-620 നീരാവിൽ-95 മങ്ങാട്-520 ഇത്തിക്കര-60

പല റീച്ചുകളിലും ഗുണനിലവാരം ഉറപ്പാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന.

ദേശീയപാത അധികൃതർ