ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: 2 വർഷം മുമ്പ് ആസൂത്രണം; 9 മാസം മുമ്പ് ആക്ഷൻ
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽചാടാൻ രണ്ടു വർഷം മുമ്പേ ആസൂത്രണം തുടങ്ങിയെന്നും 9 മാസം മുമ്പേ ആക്ഷൻ തുടങ്ങിയെന്നും പൊലീസിന് സൂചന ലഭിച്ചു.
മരപ്പണിക്ക് വന്നവരിൽ നിന്ന് ചില ആയുധങ്ങൾ കൈക്കലാക്കിയ പ്രതി എല്ലാ രാത്രിയും അഴികൾ അറുത്തുകൊണ്ടിരുന്നു.
ടൗൺ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് ഉൾപ്പെടെ സുലഭമായി ലഭിച്ചിരുന്നുവെന്നും പണം നൽകിയാൽ ഫോൺ വിളിക്കാൻ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ഈ ആക്ഷേപം നേരത്തേയും ഉയർന്നിരുന്നു.
ഉദ്യോഗസ്ഥരുടെ മൊഴി ശേഖരിച്ചുവരികയാണ്.
മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട് .
പുറത്തുവിടാൻ സാദ്ധ്യത ഇല്ലാത്തതിനാലാണ് ജയിൽചാടാൻ തയ്യാറെടുത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകി.
എലിശല്യം പറഞ്ഞ് അഴിയിൽ
തുണിചുറ്റി; കിടക്കയിൽ ഡമ്മി
# അഴി മുറിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ
സെല്ലിൽ എലി കയറുന്നുവെന്നു പറഞ്ഞ് അഴിക്കിടയിൽ തുണി തിരുകാൻ അനുമതി വാങ്ങി. തല അഴികളിലൂടെ കടക്കുമെന്ന് പരീക്ഷിച്ച് ഉറപ്പാക്കി.
#തുണികളും പുതപ്പും ചുരുട്ടിവച്ച് കിടന്നുറങ്ങുന്ന രീതിയിൽ ഡമ്മി തയ്യാറാക്കി വച്ചിരുന്നു. ചാടുംമുമ്പ് ഡമ്മി കിടക്കയിൽ വച്ചു.
ടോർച്ച് അടിച്ചപ്പോൾ ഗോവിന്ദച്ചാമിയും സഹതടവുകാരനും ഉറങ്ങുന്നതായി തോന്നിയെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി.
#പുലർച്ചെ 1:10 നാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയത്. മതിൽ ചാടാൻ വേണ്ടി മൂന്ന് മണിക്കൂറോളം ഒളിച്ചിരുന്നു. പത്താം ബ്ലോക്കിന്റെ മതിൽ ചാടിയശേഷം പുറത്തേക്കുള്ള മതിലെന്ന് കരുതി ക്വാറന്റൈൻ ബ്ലോക്കിന്റെ മതിലാണ് ചാടിയത്. രണ്ടുവട്ടം മതിൽ ചാടിയാണ് പുറത്തെത്തിയത്. 4:20 നാണ് പുറത്തേക്ക് ചാടിയതെന്ന് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
കെൽട്രോൺ ഫെൻസിംഗ്
സ്ഥാപിച്ച ഉടൻ കേടായി
1. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കാത്തത് ജയിൽചാട്ടം എളുപ്പമാക്കി
കെൽട്രോൺ സ്ഥാപിച്ച ഫെൻസിംഗ് ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല. സ്ഥാപിച്ച ഉടൻ തകരാറിലായിട്ടും നന്നാക്കാൻ നടപടിയുണ്ടായില്ല.
2.സെൽ പരിശോധനയിലെ വീഴ്ച
സെൽ പരിശോധന നടത്താത്തതിൽ കമ്പി മുറിക്കുന്ന ആയുധം ഉൾപ്പെടെ അവിടെ സൂക്ഷിക്കാനായി.
രാത്രി 12 ന് ശേഷം സെല്ലുകളിൽ പരിശോധന നടന്നില്ല രാത്രി ഡ്യൂട്ടിയിൽ സി.സി ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചില്ല. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ല
3.ജീവനക്കാർ കുറവ്
ആകെ 212 ജീവനക്കാരുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 21 തസ്തിക ഒഴിവാണ്. ഇതിന് പുറമെ 22 പേർ പരിശീലനത്തിലുമാണ്.