തെന്മല പരപ്പാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
പുനലൂർ: ശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന തെന്മല പരപ്പാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇന്നലെ രാവിലെ 11നാണ് മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം അഞ്ച് സെന്റി മീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് ജലം ഒഴുക്കിത്തുടങ്ങിയത്. റൂൾ കർവ് പ്രകാരമുള്ള ജല ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്.
ഡാമിനോട് ചേർന്നുള്ള വൈദ്യുതി നിലയത്തിൽ ഉത്പാദനം പൂർണതോതിലായി. 115.82 മീറ്റർ പൂർണ സംഭരണ ശേഷിയിലുള്ള ഡാമിൽ ഇന്നലെ രാവിലെ 10ന് 109.01 മീറ്ററാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. നീരൊഴുക്ക് ശക്തമാകുന്നതിന് അനുസരിച്ച് ഷട്ടറുകൾ 80 സെന്റി മീറ്റർ വരെ ഉയർത്താനാണ് തീരുമാനം.
കല്ലടയാറ്റിലും ജലനിരപ്പ് ഉയർന്നുതുടങ്ങി. ജലനിരപ്പ് നിലവിലുള്ളതിനേക്കാൾ പരമാവധി 70 സെന്റി മീറ്റർ വരെ ഉയരാൻ സാദ്ധ്യതയുണ്ട്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. മഴ ശക്തമാകുന്നതിന് അനുസരിച്ച് ഷട്ടറുകൾ കൂടുതൽ ഉയർത്തും.
കെ.ഐ.പി അധികൃതർ