സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റിന് കേന്ദ്ര നിർദ്ദേശം
Sunday 27 July 2025 12:35 AM IST
ന്യൂഡൽഹി: സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രാജസ്ഥാനിലെ ജാലവറിൽ സ്‌കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിച്ചതും കൊല്ലം തേവലക്കര സ്‌കൂളിൽ എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചതുമടക്കമുള്ള സംഭവങ്ങളെ തുടർന്നാണിത്. ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് സ്‌കൂളുകളുടെയും, കുട്ടികൾ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങളുടെയും സുരക്ഷ പരിശോധന അടിയന്തരമായി നടത്തണം.
കെട്ടിടത്തിന്റെ ഉറപ്പ്, ഫയർ സേഫ്റ്റി, അടിയന്തര എക്‌സിറ്റുകൾ, വയറിംഗ് എന്നിവ വിലയിരുത്തണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകണം. മാനസികപിന്തുണയ്‌ക്കായി കൗൺസലിംഗ് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.