സംഭാഷണം പുറത്തായി, പിന്നാലെ രാജിക്ക് സമ്മർദ്ദം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ അനുസ്മരണ യോഗത്തിലേക്ക് ക്ഷണിക്കാനായി വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീൽ വിളിച്ച ഫോൺ കോളിലാണ് വിവാദ പരാമർശം നടത്തി തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്ന പാലോട് രവി പുലിവാല് പിടിച്ചത്. അത് ഒടുവിൽ രാജിയിൽ കലാശിച്ചു. ജലീൽ പാർട്ടിക്ക് പുറത്തുമായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയിപ്പിക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശങ്ങൾ നൽകിയ പാലോട് രവി, സംഭവിക്കാൻ സാദ്ധ്യതയുള്ള പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയതാണ് വിവാദമായത്. പ്രാദേശികമായി പാർട്ടിക്ക് അടിത്തറയില്ലെന്നും പ്രവർത്തകർക്ക് ജനങ്ങളുമായി ബന്ധമില്ലെന്നുമാണ് പാലോട് രവി പറഞ്ഞത്. ജലീലും മണ്ഡലം പ്രസിഡന്റുമായുള്ള യോജിപ്പില്ലായ്‌മ നല്ലതല്ലെന്ന് പറഞ്ഞ പാലോട് രവി, ഇതുകാരണം സംഭവിക്കാൻ പോകുന്ന പ്രത്യാഘാതം വിശദീകരിച്ചതാണ് വിവാദമായത്.
സംഭാഷണത്തിന്റെ
വിവാദ ഭാഗം
ജലീൽ: പ്രാദേശിക അനുഭാവികൾക്ക് മെമ്പർഷിപ്പ് നൽകാത്ത നേതാവിനെ (കോൺഗ്രസ് നേതാവിന്റെ പേര് പറയുന്നുണ്ട് ) ഞങ്ങൾ എടുത്ത് തറ്റുടുക്കും (കൈകാര്യം ചെയ്യുമെന്ന് അർത്ഥം).
പാലോട് രവി: തറ്റുടുത്താലേ നമ്മൾ അവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോകൂ. നീ നോക്കിക്കോ, 60 അസംബ്ലി നിയോജക മണ്ഡലത്തിൽ ബി.ജെ.പി എന്തു ചെയ്യാൻ പോകുന്നുവെന്ന്. അവർ പാർലമെന്റ് തിരഞ്ഞടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് 40,000 -50,000 വോട്ട് പിടിക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്ത് ഉച്ചികുത്തി വീഴും.
ജലീൽ :തീർച്ചയായിട്ടും അത് സംഭവിക്കും.
പാലോട് രവി: മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുകയും ചെയ്യും. അതോടുകൂടി ഈ പാർട്ടിയുടെ അധോഗതിയായിരിക്കും.
ജലീൽ : അതെ
പാലോട് രവി : ഇതിനകത്ത് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ളവർ വേറെ ചില പാർട്ടികളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പോകും. ചില ആളുകൾ ബി.ജെ.പിയിലും മറ്റേതെങ്കിലും പാർട്ടിയിലും പോകും.ഇത് എടുക്കാച്ചരക്കായി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറും.
ജലീൽ: അതുകഴിഞ്ഞാൽ ഇത് നശിക്കും.