സമവായം പാളി; വി.സിക്കെതിരെ കേരള യൂണി. സിൻഡിക്കേറ്റ്

Sunday 27 July 2025 12:40 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രശ്നങ്ങളിൽ മന്ത്രി ആർ.ബിന്ദു ഇടപെട്ട് സമവായമുണ്ടാക്കാനുള്ള നീക്കം പാളി. വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിനെതിരേ ഇടത് സിൻഡിക്കേറ്റംഗങ്ങൾ രംഗത്തെത്തി. ഉടനടി സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നും വി.സി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. മേയ് ആദ്യമാണ് സിൻഡിക്കേറ്റ് യോഗം ചേർന്നതെന്നും ചട്ടപ്രകാരം വീണ്ടും ചേരേണ്ടിയിരുന്ന അവസാന തീയതി ഇന്നലെയായിരുന്നെന്നും ഇത് സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. ജൂൺ 15ന് ചേർന്നത് പ്രത്യേക സിൻഡിക്കേറ്റാണെന്നും അവർ വ്യക്തമാക്കി. വി.സിയെ അനുകൂലിച്ചും സിൻഡിക്കേറ്റംഗങ്ങളെ വിമർശിച്ചും രംഗത്തുവന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ രാജൻ ഗുരുക്കളെയും വിമർശിച്ചു. വി.സിയാണ് സർവകലാശാലയിൽ എല്ലാമെന്ന് ചിലർ പറയുന്നത് തെറ്റിദ്ധാരണ കാരണമാണെന്നും കാര്യങ്ങൾ വ്യക്തമായി പഠിക്കാതെയാണെന്നും ഇടത് അംഗം ജി.മുരളീധരൻ പറഞ്ഞു. വി.സി സിൻഡിക്കേറ്റിന് താഴെയാണെന്നും സർവകലാശാലാ ചട്ടവും നിയമവും അനുസരിച്ചായിരിക്കണം വി.സി പ്രവർത്തിക്കേണ്ടതെന്നും അവർ വ്യക്തമാക്കി.

സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്‌.ഐ പ്രതിഷേധ മാർച്ച് നടത്തി. ആർ.എസ്.എസ് ബന്ധമുള്ള സംഘടന സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. എസ്.എഫ്‌.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അഞ്ചു വൈസ് ചാൻസലർമാരാണ് 27ന് നടക്കുന്ന ജ്ഞാനസഭയിൽ പങ്കെടുക്കുന്നത്. സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള നീക്കമാണ് ചാൻസലറും വൈസ് ചാൻസലർമാരും നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും എസ്.എഫ്‌.ഐ വ്യക്തമാക്കി.