യു.ഡി.എഫ് നൂറു സീറ്റുമായി അധികാരത്തിലെത്തും: വി.ഡി.സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറു സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടും. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നവ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ യു.ഡി.എഫ് ടീമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി യുടെ നാല്പതാമത് ജന്മദിന കൺവെൻഷൻ ടാഗോർ സെന്റിനറി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിനും യാതൊരു കണക്കുമില്ലാത്ത സംസ്ഥാനമായി കേരളം മാറി.കൊവിഡിന് ശേഷം മരണസംഖ്യ കൂടിയെങ്കിലും അതിനെക്കുറിച്ച് കണക്കൊന്നുമില്ല. പുറത്തേക്കുള്ള പണമൊഴുക്കിനെക്കുറിച്ചും വിവരമില്ല. കേരളത്തിന്റെ തൊഴിൽമേഖലയ്ക്ക് അനുയോജ്യമായ കോഴ്‌സുകൾ ആരംഭിക്കാത്തതിനാൽ സർവകലാശാലകളിൽ പഠിക്കാൻ ആളില്ല. 13 സർവകലാശാലകളിൽ 12 ലും വി.സിമാരില്ല. സിൻഡിക്കേറ്റുകൾ അക്കാഡമിക് വിഷയങ്ങൾ ചർച്ചചെയ്യുന്നില്ല. പകരം നിസാര വിഷയങ്ങളുടെ പേരിൽ സമരത്തിലാണ്. വർഗീയതയുമായുള്ള പോരാട്ടത്തിൽ സന്ധി ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്ലറും സ്റ്റാലിനിസ്റ്റുകളും തമ്മിൽ അധിക ദൂരമില്ല. അവരുടെ ന്യൂജനറേഷനാണ് കേരളത്തിലുള്ളത്. ഏകാധിപതികൾ ലോകം മുഴുവൻ വ്യാപിക്കുകയാണ്. മുൻപ് ഇത്തരം ഏകാധിപതികൾക്ക് ഗീബൽസ് വഹിച്ചിരുന്ന പ്രചാരണച്ചുമതല ഇപ്പോൾ പി.ആർ ഏജൻസികൾക്കാണെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ അദ്ധ്യക്ഷനായി.പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ജന്മദിന സന്ദേശം നൽകി.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി. കെ.കെ.രമ എം.എൽ.എ, ഷിബു ബേബി ജോൺ , ജി.ദേവരാജൻ, ഹരികൃഷ്ണൻ , സി.എൻ. വിജയകൃഷ്ണൻ, പാലോട് രവി, സി.എ. അജീർ, എം.പി.സാജു, പി.കെ.വേണുഗോപാൽ,ബീമാപള്ളി റഷീദ്,കരുമം സുന്ദരേശൻ,എം.വി.ഗിരീശൻ എന്നിവർ പങ്കെടുത്തു.
സി.എം.പി ക്ക് ഒന്നിൽ കൂടുതൽ എം.എൽ.എമാർ അടുത്ത നിയമസഭയിൽ സി.എം.പിക്ക് ഒന്നിൽ എം.എൽ.എ മാർ ഉണ്ടാകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. സി.എം.പിയോട് പൂർണമായും നീതി പുലർത്തിയിട്ടില്ലെന്ന് യു.ഡി.എഫിന് ബോദ്ധ്യമുണ്ടെന്നും അതിനുള്ള പരിഹാരം പലിശ സഹിതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.