വൈദ്യുതി അപകടം തടയാൻ ആഗസ്റ്റ് 15നകം കർശന നടപടി
തിരുവനന്തപുരം: കൊല്ലം തേവലക്കര സ്കൂളിലും മറ്റിടങ്ങളിലും ഉണ്ടായതുപോലുള്ള വൈദ്യുതി അപകടങ്ങൾ തടയാൻ ആഗസ്റ്റ് 15നകം കർശന നടപടിയെടുക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം.
ജില്ലകളിൽ കളക്ടർ ചെയർമാനും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൺവീനറുമായ സമിതിയും നിയോജകണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിലും തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലും ജാഗ്രതാസമിതികൾ വിളിച്ചുകൂട്ടി അപകടസാദ്ധ്യതകൾ വിലയിരുത്താനും മന്ത്രി നിർദ്ദേശിച്ചു. വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കെ.എസ്.ഇ.ബിയോടും നിർദ്ദേശിച്ചു. അപകട സാദ്ധ്യതകൾ കണ്ടെത്തുന്നതും, തുടർനടപടികൾ സ്വീകരിക്കുന്നതും രേഖപ്പെടുത്തുന്നതിന് സോഫ്റ്റ്‌വെയർ സംവിധാനവും തയ്യാറാക്കണം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന വൈദ്യുതി അപകങ്ങൾ യോഗം വിലയിരുത്തി. വൈദ്യുതി അപകടം ഉണ്ടായാൽ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. സ്‌കൂൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി ലൈനുകളുടെയടക്കം അടിയന്തര സുരക്ഷാ പരിശോധന ഈ മാസം തന്നെ പൂർത്തിയാക്കണം.
പുതിയ വൈദ്യുതി ലൈൻ നിർമ്മാണം കവചിത കണ്ടക്ടറുകൾ ഉപയോഗിച്ച് മാത്രം ചെയ്യണം. വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ അടിയന്ത്രമായി നീക്കം ചെയ്യാനും തീരുമാനിച്ചു.