അടൂർ കാലാതിവർത്തിയായ ചലച്ചിത്രകാരൻ: പി.എസ്.ശ്രീധരൻപിള്ള

Sunday 27 July 2025 12:48 AM IST

കൊച്ചി: അടൂർ ഗോപാലകൃഷ്ണൻ കാലാതിവർത്തിയായ ചലച്ചിത്രകാരനാണെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള ചലച്ചിത്ര ലോകമുള്ള കാലത്തോളം മറക്കാനാകില്ലെന്നും ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. എറണാകുളം ബി.ടി.എച്ചിൽ നടന്ന പ്രൊഫ. എം.പി.മന്മഥൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. എം.പി.മന്മഥന്റെ പേരിലുള്ള പുരസ്‌കാരം നേടാനായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കോടിക്കിലുക്കമുള്ള ചിത്രങ്ങൾക്ക് പിന്നാലെ പായുന്ന സമൂഹത്തിനുമുന്നിൽ കാലം അടയാളപ്പെടുത്തിയ സൃഷ്ടികളാണ് അടൂരിന്റേതെന്നും അത് പുതുതലമുറയ്ക്ക് റഫറൻസാണെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. പായിപ്ര രാധാകൃഷ്ണൻ രചിച്ച കത്തുകളുടെ പുസ്തകം, മാന്ത്രികക്കട്ട എന്നീ പുസ്തകങ്ങളുടെ പ്രകാശനം പി.എസ്.ശ്രീധരൻപിള്ള അടൂർ ഗോപാലകൃഷ്ണനു നൽകി നിർവഹിച്ചു.