സുരക്ഷയുടെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കല്ല: കെ.പി.എസ്.എച്ച്.എ

Sunday 27 July 2025 12:51 AM IST

തിരുവനന്തപുരം: സ്‌കൂൾ സുരക്ഷയുടെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കാണെന്നുള്ള ഉത്തരവുകൾ പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എച്ച്.എ.) ആവശ്യപ്പെട്ടു. പ്രഥമാദ്ധ്യാപകർ സ്‌കൂളിലെ അക്കാഡമിക് കാര്യങ്ങളുടെ ചുമതലക്കാരാണ്. സ്‌കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ഉടമ മാനേജ്‌മെന്റാണ്. സ്‌കൂൾ പരിസരത്തെ മരങ്ങൾ വെട്ടിമാറ്റുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും തുക അദ്ധ്യാപകർ മുടക്കണമെന്നും അല്ലാതെയുണ്ടാകുന്ന നഷ്ടങ്ങൾ പ്രഥമാദ്ധ്യാപകരിൽ നിന്ന് ഈടാക്കണമെന്നുമുള്ള ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് വി.എം.റെജിമോൻ, ജനറൽ സെക്രട്ടറി, എം.ആർ.സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സർക്കാർ സ്‌കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും കേന്ദ്രം അനുവദിക്കുന്ന ഫണ്ട് എയ്ഡഡ് സ്‌കൂളുകൾക്കും നൽകാൻ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.