വിലയും വിൽപ്പനയും കുറഞ്ഞു: മാങ്കോസ്റ്റീനും റംബുട്ടാനും പാതയോരത്ത്

Sunday 27 July 2025 2:22 AM IST
പാതയോരത്ത് മാങ്കോസ്റ്റിനും റംബൂട്ടാനും വിൽപ്പന നടത്തുന്ന ഒരു കർഷകൻ

കാളികാവ്: പഴങ്ങളുടെ റാണിയായ മാങ്കോസ്റ്റിനും പോഷകങ്ങളുടെ കലവറയായ റംബുട്ടാനും പാതയോരത്ത്. കടകളിൽ വിൽപ്പനയും വിലയും കുറഞ്ഞതാണ് പഴ റാണികൾ പാതയോരത്തേക്കിറങ്ങാൻ പ്രധാനകാരണം. മൂന്നു മാസമായി തുടരുന്ന ഇടമുറിയാത്ത കാലവർഷം പഴവിപണിയെ സാരമായി ബാധിച്ചു.

കൂട്ടത്തിൽ കനത്ത വിലയിടിവും വിൽപ്പനക്കുറവും നേരിട്ടത് റംബൂട്ടാനും മാങ്കോസ്റ്റിനുമാണ്. കിലോയ്ക്ക് മെട്രോ സിറ്റികളിൽ 800 രൂപ വിലയുള്ള മാങ്കോസ്റ്റിൻ പാതയോരത്ത് 300രൂപയ്ക്കും 350 രൂപ വിലയുണ്ടായിരുന്ന റംബുട്ടാൻ 200 രൂപയ്ക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്.

മുംബയ് ,ബംഗളുരു എന്നിവിടങ്ങളിലേക്കാണ് കിഴക്കൻ മേഖലയിൽ നിന്ന് റംബൂട്ടാനും മാങ്കോസ്റ്റിനും കയറ്റിപ്പോയിരുന്നത്. കയറ്റുമതിയിൽ കുറവു വന്നതും റംബൂട്ടാൻ കൃഷി വ്യാപകമായതും വിലയിടിയാൻ കാരണമായി. കോട്ടയം,​ പത്തനംതിട്ട ജില്ലകളിലെ മേൽത്തരം റംബുട്ടാൻ അഭ്യന്തര വിപണി കൈയടക്കിയതാണ് കിഴക്കൻ മേഖലയിൽ റംബുട്ടാന് ഡിമാൻഡ് ഇടിയാൻ കാരണം.

റബർ കൃഷി നടത്തിയിരുന്ന പല കർഷകരും റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത് മേഖലയിൽ ഉത്‌പാദനം കൂട്ടാനിടയാക്കി.വില കൂടിയ പഴമെന്ന നിലയിൽ ജനങ്ങൾ റംബുട്ടാനോടും മാങ്കോസ്റ്റിനോടും അകലം പാലിക്കുകയും ചെയ്തു.

കനത്ത മഴയും വിനയായി

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഴക്കൻ മേഖലയിൽ റംബുട്ടാൻ കൃഷി വ്യാപമായിട്ടുണ്ട്.

കനത്ത മഴകാരണം വലിയ തോതിൽ കായ് കൊഴിച്ചിലുണ്ടായതും ഇപ്പോൾ വിപണിയിൽ വിൽപ്പന കുറഞ്ഞതും റംബുട്ടാന് കഷ്ടകാലത്തിനു കാരണമായി.

മാങ്കോസ്റ്റിൻ കൃഷിയും പഴലഭ്യതയും റംബുട്ടാനെ അപേക്ഷിച്ച് വളരെ കുറവുമാണ്.

സീസ​ൺ പഴമായ റംബുട്ടാൻ ജൂലായ് മുതൽ മൂന്നു മാസമാണ് വിളവെടുപ്പ് ലഭിക്കുന്നത്. ഇക്കാലത്ത് മലയാളി പൊതുവെ പഴങ്ങളോട് വേണ്ടത്ര താൽപ്പര്യം കാട്ടാത്ത കാലവുമാണ്.