വീണ്ടും അതിശക്തമായ മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ തീരങ്ങളിലുളളവർ കരുതിയിരിക്കണം

Sunday 27 July 2025 6:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തീരത്തുളളവർക്കും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാവിലെ എട്ടര വരെയും, കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി എട്ടര വരെയും 2.8 മുതൽ 3.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കനത്തമഴയെ തുടർന്ന് വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെന്നാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് മാനന്തവാടി, വെെത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.