ക്വാറികൾ അടച്ചു, വിനോദസഞ്ചാരത്തിനും വിലക്ക്; കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ മലയോരമേഖലകളിൽ വ്യാപകനാശനഷ്ടം. വിവിധ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. ഒമ്പതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ വീണതിനെ തുടർന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി കല്ലുകൾ നീക്കം ചെയ്യാൻ ശ്രമം നടക്കുകയാണ്. നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ എത്തിയാണ് മരം മുറിച്ചു മാറ്റിയത്. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി.
കോഴിക്കോട് ജില്ലയിലും സംസ്ഥാനത്തെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഖനനപ്രവർത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം വരുത്തിയിട്ടുണ്ട്. പാലക്കാട് നെല്ലിയാമ്പതിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മലപ്പുറത്ത് ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. തീരദേശ മേഖലയിലും കടലാക്രമണം രൂക്ഷമാണ്.
അതേസമയം, കനത്തമഴയെ തുടർന്ന് വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെന്നാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് മാനന്തവാടി, വെെത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ പെയ്യുന്ന മഴയെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.