'ഇന്ന് ബാറ്റ് ചെയ്യാൻ പത്തിരുപത് വർഷം മുമ്പുള്ളതിനേക്കാൾ എളുപ്പം' റൂട്ടിന്റെ റെക്കോർഡിന് പിന്നാലെ പ്രതികരിച്ച് കെവിൻ പീറ്റേഴ്‌സൻ

Sunday 27 July 2025 10:36 AM IST

മാഞ്ചസ്റ്റർ: ജോ റൂട്ടിന്റെ സെഞ്ച്വറിക്ക് പിന്നാലെ വിവാദപരാമ‌ർശവുമായി മുൻ ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ. മുമ്പുള്ളതിനേക്കാൾ ഇപ്പോൾ ബാറ്റിംഗ് വളരെ എളുപ്പമാണെന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു മുൻ താരത്തിന്റെ പരാമർശം. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ബൗളിംഗിന്റെ നിലവാരം കുറയുന്നതിന്റെ സൂചനയാണിത്. ടെസ്റ്റ് റൺ സ്കോറർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ മറികടന്ന് ഇംഗ്ലണ്ട് സൂപ്പർ താരം ജോ റൂട്ട് രണ്ടാം സ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പീറ്റേഴ്‌സൺ തന്റെ സോഷ്യൽ മീഡിയ പേജിൽ അഭിപ്രായപ്രകടനം നടത്തിയത്.

'എന്നോട് ആരും ആക്രോശിക്കരുത്, പക്ഷേ ഇക്കാലത്ത് ബാറ്റ് ചെയ്യുന്നത് പത്തിരുപത് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ എളുപ്പമാണ്! അന്ന് ഒരുപക്ഷേ ഇരട്ടി ബുദ്ധിമുട്ടായിരിക്കും' പീറ്റേഴ്‌സൺ എക്‌സിൽ കുറിച്ചു. മുൻകാലങ്ങളിലെ നിരവധി ബൗളർമാരെ പീറ്റേഴ്‌സൺ പേരെടുത്ത് പറയുകയും അവരുമായി താരതമ്യം ചെയ്യാൻ കഴിയുന്ന 10 പുതിയ ബൗളർമാരുടെ പേര് പറയാൻ അദ്ദേഹം വെല്ലുവിളി ഉയർത്തുകയും ചെയ്തു.

'വഖാർ, ഷോയിബ്, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹർഭജൻ, ഡൊണാൾഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗൗഫ്, മക്ഗ്രാത്ത്, ലീ, വോൺ, ഗില്ലസ്പി, ബോണ്ട്, വെട്ടോറി, കെയ്‌ൻസ്, വാസ്, മുരളി, കർട്ട്‌ലി, കോട്‌നി, പട്ടികകൾ ഇങ്ങനെ നീണ്ടു പോകാം..മുകളിൽ 22 പേരുടെ പേരുകൾ ഞാൻ നൽകിയിട്ടുണ്ട്. മേൽപറഞ്ഞ പേരുകളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു പത്ത് ബൗളർമാരുടെ പേര് ഇപ്പോൾ പറയാൻ കഴിയുമോ?. അദ്ദേഹം കൂട്ടിച്ചേർത്തു.