ചേർക്കുന്നത് മൃഗക്കൊഴുപ്പിൽ നിന്നുളള ഗ്ലിസറിൻ, നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ ഇക്കൂട്ടത്തിൽപ്പെട്ടവയാണോ?

Sunday 27 July 2025 12:42 PM IST

നിത്യജീവിതത്തിൽ ഒട്ടുമിക്കവരും സ്ഥിരമായി ഉപയോഗിക്കുന്ന രണ്ട് സാധനങ്ങളാണ് ബ്രഷും ടൂത്ത് പേസ്​റ്റും. ഇത് രണ്ടുമില്ലാത്ത ജീവിതം നമുക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല. ചിലർ പരസ്യങ്ങൾ കണ്ടിട്ടായിരിക്കും ടൂത്ത് പേസ്​റ്റുകൾ വാങ്ങുന്നത്. മ​റ്റുചിലരാകട്ടെ ദന്തരോഗ വിദഗ്ദരുടെ നിർദ്ദേശ പ്രകാരമായിരിക്കും പേസ്​റ്റുകൾ വാങ്ങാറുളളത്. നിങ്ങളുടെ പ്രിയപ്പെട്ട പേസ്​റ്റിൽ സസ്യങ്ങളുടെ ചേരുവകളാണോ അതുമല്ലെങ്കിൽ മാംസത്തിന്റെ ചേരുവയാണോ അടങ്ങിയിരിക്കുന്നതെന്ന് നോക്കിയിട്ടുണ്ടോ?

ലളിതമായി പറയുകയാണെങ്കിൽ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്നവയാണ് നോൺ വെജ് ടൂത്ത് പേസ്​റ്റുകൾ. ഇവ പല വിഭാഗങ്ങളും ഉപയോഗിക്കാറില്ല. എന്നാൽ ഒട്ടുമിക്ക വിദേശ ബ്രാൻഡുകളിലുളള ടൂത്ത് പേസ്​റ്റുകളിലും മൃഗങ്ങളുടെ ചേരുവ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ബ്രാൻഡുകളിലുളള ടൂത്ത് പേസ്​റ്റുകളിൽ സാധാരണയായി സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത ചേരുവകളായിരിക്കും അടങ്ങിയിരിക്കുന്നത്.

ഇന്ത്യൻ ബ്രാൻഡുകളോ ഇന്ത്യൻ ഉൽപ്പന്നം നിർമിക്കുന്ന വിദേശ ബ്രാൻഡുകളോ ടൂത്ത് പേസ്​റ്റ് തയ്യാറാക്കാൻ പ്രകൃതിദത്ത സസ്യങ്ങളെയാണ് കൂടുതൽ ആശ്രയിക്കാറുളളത്. ഗ്രാമ്പൂ,പുതിന എന്നിവ അവയിൽ ചിലതുമാത്രമാണ്. അതേസമയം, ചില ആഗോള ബ്രാൻഡുകൾ മൃഗക്കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഗ്ലിസറിൻ, മൃഗങ്ങളുടെ അസ്ഥികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാൽസ്യം ഫോസ്‌ഫേ​റ്റ് പോലുളള ചേരുവകൾ ഉപയോഗിച്ചും ടൂത്ത് പേസ്​റ്റുകൾ നിർമിക്കാറുണ്ട്. ഇത്തരം സാധനങ്ങൾ എളുപ്പത്തിൽ ലഭ്യമാണ്. അതിനാലാണ് പല വിദേശ ബ്രാൻഡുകളും ടൂത്ത് പേസ്​റ്റുകളിൽ ഇവ ഉപയോഗിക്കുന്നത്.

കൂടാതെ ഇത്തരത്തിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളുടെ കാലാവധി ദീർഘകാലമുണ്ടാകും. നിങ്ങൾ ഉപയോഗിക്കുന്ന പേസ്​റ്റ് വെജി​റ്റേറിയനാണോ നോൺ വെജി​റ്റേറിയനാണോയെന്ന് എങ്ങനെ കണ്ടെത്താം? ഒരു ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ വിവരങ്ങൾ പാക്കേജിൽ തന്നെ നൽകിയിട്ടുണ്ട്. പാക്ക​റ്റിൽ പച്ച അടയാളത്തോടെ 100 ശതമാനം വെജി​റ്റേറിയൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവ തീർച്ചയായിട്ടും വെജി​റ്റേറിയൻ ടൂത്ത് പേസ്​റ്റായിരിക്കും.