'ആ പാട്ടുകേട്ട് ആത്മഹത്യയിൽ നിന്ന് പുറത്തുവന്നതായി പലരും പറഞ്ഞിട്ടുണ്ട്'; മലയാളത്തിന്റെ വാനമ്പാടിയുടെ മറക്കാനാവാത്ത അനുഭവം
62ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ൽ അധികം ഗാനങ്ങളാലപിച്ച റെക്കാഡ് ഗായിക കൂടിയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ചിത്ര. തന്റെ പാട്ടുകൾ കേട്ട് അനേകം പേർ ആത്മഹത്യാ ചിന്തകളിൽ നിന്ന് മോചിതരായിട്ടുണ്ടെന്ന് മുൻപ് കേരള കൗമുദിക്ക് നൽകിയ ഒരഭിമുഖത്തിൽ ചിത്ര പങ്കുവച്ചിട്ടുണ്ട്.
2004ൽ പുറത്തിറങ്ങിയ ഓട്ടോഗ്രാഫ് എന്ന സിനിമയിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കെ എസ് ചിത്ര. പാ. വിജയ്‌യുടെ വരികൾക്ക് ഭരദ്വാജ് ആണ് ഈണം പകർന്നത്. പാട്ടിന് 2004ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തിയിരുന്നു. 'തമിഴ് അറിയുന്നവർക്ക് ഒരുപാട് പ്രചോദനം നൽകുന്ന പാട്ടാണത്. ആ പാട്ട് കേട്ടിട്ട് ആത്മഹത്യയിൽ നിന്ന് പുറത്തുവന്നതായി ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഓരോ പടവുകൾ കയറുമ്പോഴും മോശപ്പെട്ട അനുഭവങ്ങളുണ്ടാകുമെന്നാണ് ആ പാട്ടിൽ പറയുന്നത്. ജീവിതം എന്നുപറയുന്നത് ഒരു പോരാട്ടമാണ്. നല്ലതിന് വേണ്ടി പൊരുതികൊണ്ടിരിക്കണം എന്നാണ് ആ പാട്ട് വ്യക്തമാക്കുന്നത്.
ആ പാട്ടുമായി ബന്ധപ്പെട്ട് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം ഉണ്ടായി. ചെന്നൈയിൽ ഡൗൺ സിൻഡ്രോം അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ ഒരു സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിലെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അവിടെ ഈ പാടുന്നതിനിടെ അമ്മമാർ ഭയങ്കര കരച്ചിലായിരുന്നു. അതുകണ്ട് എനിക്ക് വലിയ നെഞ്ചുവേദന തോന്നി. നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും പാട്ട് അവസാനിച്ചാൽ മതിയെന്ന് തോന്നി'-ചിത്ര പങ്കുവച്ചു.