മിഥുന്റെ മരണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം, കെഎസ്ഇബിയുടെ റിപ്പോർട്ട് തളളി സർക്കാർ
തിരുവനന്തപുരം: തേവലക്കര ബോയ്‌സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കൈമാറിയ റിപ്പോർട്ട് തളളി സർക്കാർ. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇടപെട്ടത്. റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും വിഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദ്ദേശം നൽകി.
വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് വർഷം മുൻപാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷെഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്റ് അനുമതി തേടിയിരുന്നില്ല. തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ റിപ്പോര്‍ട്ടിൽ പരാമർശിച്ചിട്ടില്ല. ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു മന്ത്രി മുമ്പ് പറഞ്ഞിരുന്നത്.
അതേസമയം, മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം ചില നിർണായക തീരുമാനങ്ങൾ എടുത്തിരുന്നു. സ്കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടെന്നും സ്കൂളിന്റെ ഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചിരുന്നു. മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.
ഈ മാസം 17ന് സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.