പാലോട് രവി രാജിവച്ചതിന് ജിലേബി വിതരണം ചെയ്തു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ പുറത്താക്കി
തിരുവനന്തരപുരം: ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചതിന് പിന്നാലെ ജിലേബി വിതരണം. പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ഷംനാദിനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാർട്ടി നീക്കം ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
പാലോട് രവിയും വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലും തമ്മിലുള്ള ഫോൺ സംഭാഷണം പ്രാദേശിക നേതാക്കൾക്കിടയിലെ ഗ്രൂപ്പിസവും സ്വാർത്ഥതയും ഉൾപ്പെടെയുള്ള പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു. സംഭാഷണം ചോർത്തി സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ജലീലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.