അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്: ബി.ജെ.പി മൂന്നാംഘട്ട സമരത്തിലേക്ക്
അങ്കമാലി: അർബൻ സഹകരണ സംഘത്തിലെ 116 കോടി രൂപയുടെ തട്ടിപ്പിനെതിരെ ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട പ്രക്ഷോഭം ഇന്ന് ബാങ്ക് അങ്കണത്തിൽ നടക്കും. ഡയറക്ടർ ബോർഡ് മെമ്പർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരികെ നൽകുക, കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കുക, കള്ളപ്പണ ഇടപാടുകളെക്കുറിച്ച് പൊലീസിന് ലഭിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ഇന്ന് രാവിലെ 8ന് ചാക്കര പറമ്പിൽ നിന്ന് ആരംഭിക്കുന്ന ജാഥ ജില്ല പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജാഥാ ക്യാപ്ടൻ രാഹുൽ പാറക്കടവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തുടർന്ന് അർബൻ സഹകരണ സംഘത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ സെക്രട്ടറി എൻ. മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. വി.എൽ. സുഭാഷ്, എ.വി. രഘു, സന്ദീപ് ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകും.